ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ പാക് കാലാവസ്ഥാ മന്ത്രി മുസാദിഖ് മാലിക് ആവശ്യപ്പെട്ട രണ്ട് കാര്യങ്ങൾക്ക് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. ഇന്ത്യാ സന്ദർശനത്തിനിടെ ആഗ്രയിലെ താജ്മഹലും ഡൽഹിയിലെ നിസാമുദ്ദിൻ ദർഗയും കാണാൻ മാലിക് അനുമതി തേടിയിരുന്നു. എന്നാൽ എസ്.സി.ഒ പരിപാടിക്ക് പുറമേ മറ്റ് സ്ഥലങ്ങൾ സന്ദർശിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയില്ലെന്നാണ് റിപ്പോർട്ട്. എസ്.സി.ഒ യോഗത്തിൽ പങ്കെടുക്കാൻ മാത്രമാണ് മാലിക്കിന് അനുമതി നൽകിയതെന്ന് സർക്കാർ വൃത്തങ്ങള ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
എസ്.സി.ഒയുടെ ആദ്യ സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാനാണ് മുസാദിഖ് മാലിക് ഡൽഹിയിലെത്തിയത്. 20 മുതൽ 22 വരെ ഡൽഹിയിലെ പുരാന ഖിലയിലാണ് സമ്മേളനം. 2023ൽ ഗോവയിൽ നടന്ന എസ്.സി.ഒ യോഗത്തിൽ ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുത്തതിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ പാക് ഫെഡറൽ മന്ത്രിയാണ് മുസാദിഖ് മാലിക്. ഓപ്പറേേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പാക് നേതാവ് കൂടിയാണ് മാലിക്.