കൊച്ചി: മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ. മട്ടാഞ്ചേരിയിലാണ് സംഭവം. ഇടപ്പള്ളി സ്വദേശി ഡാൾട്ടണാണ് ഇന്നലെ രാത്രി 9 മണിക്ക് ശേഷം അമിതവേഗത്തിൽ മട്ടാഞ്ചേരിയിൽ കാറോടിച്ച് അപകടം വരുത്തിവച്ചത്. കാറിന്റെ പിൻവശം റോഡിലുരസി തീപ്പൊരി വരുന്ന നിലയിലായിരുന്നു.
ബൈക്കും കാറുമടക്കം ഏഴ് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞ ഇയാളെ നാട്ടുകാർ പിന്തുടർന്ന് തടയുകയായിരുന്നു. പിടിച്ചുനിർത്തിയ സമയം ഇയാൾ നാട്ടുകാരെ ഭീഷണിപ്പെടുത്തി എന്നും വിവരമുണ്ട്. നടന്നുപോയ ചിലർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡാൾട്ടണെ തടഞ്ഞുവച്ച് ജനം പൊലീസിനെ ഏൽപ്പിച്ചു. ഇയാളെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പ്രതിക്കെതിരെ കർശന നടപടിവേണം എന്നാവശ്യപ്പെട്ട് നാട്ടുകാർ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന്‌മുന്നിൽ പ്രതിഷേധിച്ചു. കൊച്ചിയിൽ സമീപദിവസങ്ങളിൽ യുവാക്കളുടെ അമിതവേഗവും അപകടങ്ങളും തുടർക്കഥയാകുകയാണ്. ഏറെ ചർച്ചകളായിട്ടും ഈ പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല എന്ന പരാതി നാട്ടുകാർക്കുണ്ട്.