കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഉടമയും ഡയറക്ടറുമായ കെ.ഡി. പ്രതാപന് തിരിച്ചടി. പ്രതാപന് നേരത്തെ അനുവദിച്ചിരുന്ന ജാമ്യം എറണാകുളം പി.എം.എൽ.എ കോടതി റദ്ദാക്കി. തിങ്കളാഴ്ച കോടതിയിൽ കീഴടങ്ങണമെന്നും കോടതി കർശന നിർദേശം നൽകി.
ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. നേരത്തെ 19 മാസം ജയിലിൽ കഴിഞ്ഞ പ്രതാപന്, കേസിൽ വിചാരണ ആരംഭിച്ചിട്ടില്ലെന്നതടക്കമുള്ള കാരണങ്ങൾ പരിഗണിച്ചാണ് പി.എം.എൽ.എ കോടതി ജാമ്യം അനുവദിച്ചിരുന്നത്.
എന്നാൽ ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ ഇ.ഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ നിർദേശപ്രകാരം എറണാകുളം പി.എം.എൽ.എ കോടതി മുൻ ഉത്തരവ് വീണ്ടും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതാപന്റെ ജാമ്യം റദ്ദാക്കാൻ കോടതി തീരുമാനിച്ചത്.
ജാമ്യം റദ്ദാക്കിയതോടെ കേസിൽ പ്രതാപന്റെ തുടർ നിയമനടപടികൾ നിർണായകമായിരിക്കുകയാണ്. കോടതി നിർദേശിച്ച പ്രകാരം തിങ്കളാഴ്ച കീഴടങ്ങേണ്ടിവരും.