ന്യൂഡൽഹി: ഹരിദ്വാനിൽ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്ത് ഡ്രൈവർ. ഐബിയിൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയ സി പി നൗട്ട്യാൽ ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ഡ്രൈവറായ വിനോദ് നേഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. നൗട്ട്യാലിനെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ ഋഷികേശിലെ എയിംസിലേക്ക് മാറ്റി.
കാൻഖൽ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പൊലീസ് വകുപ്പിലും സുരക്ഷാ ഏജൻസികളിലും ഇത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വെടിവയ്പ്പിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, ജോലിയിലെ സമ്മർദ്ദം കാരണം പ്രതി നിരാശനായിരുന്നെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിയായ ഡ്രൈവറെ താൽക്കാലിക അടിസ്ഥാനത്തിലാണ് ജോലിക്കെടുത്തതെന്ന് എസ്എസ്പി നവനീത് സിംഗ് ഭുള്ളർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ കാരണം കണ്ടെത്താൻ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. അനധികൃതമായ തോക്ക് ഉപയോഗിച്ചാണ് പ്രതി ഐബി ഉദ്യോഗസ്ഥനുനേരെ വെടിയുതിർത്തതെന്നാണ് വിവരം.