ആലപ്പുഴ: യു.ഡി.എഫിലെയും കോൺഗ്രസിലെയും തർക്കങ്ങളിൽ രൂക്ഷവിമർശനവുമായി ജി.സുധാകരൻ എം.എൽ.എ. മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണമെന്നും മന്ത്രിമാരിൽ കൊള്ളാത്തവരുണ്ടെങ്കിൽ അപ്പോൾ തന്നെ മാറ്റണമെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒറ്റമന്ത്രിയും കസേരയിൽ ഇരിക്കാൻ പാടില്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില എം.പിമാർ മന്ത്രിമാരാകാൻ നടക്കുകയാണെന്നും നിയമസഭയെക്കാൾ വലുതാണ് പാർലമെന്റെന്ന കാര്യം തിരിച്ചറിയണമെന്നും സുധാകരൻ പരിഹസിച്ചു. നല്ലൊരു ഭരണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ജനം പുതിയ സർക്കാരിനെ തിരഞ്ഞെടുത്തത്. മന്ത്രിമാരിൽ കൊള്ളാത്തവരുണ്ടെങ്കിൽ അപ്പോൾ തന്നെ മാറ്റിയേക്കണം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒറ്റമന്ത്രിയും കസേരയിൽ ഇരിക്കാൻ പാടില്ല. അത് ഭരണഘടനാ വിരുദ്ധമാണ്. സംസ്ഥാന മന്ത്രിസഭയോ കേന്ദ്ര മന്ത്രിസഭയോ ആകട്ടെ . മന്ത്രിമാരുടെ ലിസ്റ്റ് മുഖ്യമന്ത്രി ഗവർണറെയോ പ്രധാനമന്ത്രി പ്രസിഡന്റിനെയോ ഏൽപ്പിക്കണമെന്നാണ് ഭരണഘടനയിൽ പറയുന്നത്. ആ ലിസ്റ്റ് കൊടുക്കാതെ ആരും മന്ത്രിമാർ ആകില്ല. പാർട്ടി തീരുമാനിച്ചാലും മുഖ്യമന്ത്രിയുടെ വിശ്വാസത്തിനാണ് ഭരണഘടന പ്രാധാന്യം നൽകുന്നത്. ആ മുഖ്യമന്ത്രിക്കെതിരെ വരുന്നത് എത്ര ഉന്നതനായ മന്ത്രി ആയാലും അയാളെ മാറ്റി പുതിയ ആളെ വയ്ക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്, പാർലമെന്റിൽ ഇരിക്കുന്ന മന്ത്രി സംസ്ഥാന മന്ത്രിയാകണം എന്നൊക്കെ പറയുന്നത് എന്ത് അസംബന്ധമാണ്. സംസ്ഥാന അസംബ്ലിയെക്കാൾ വലുതാണഅ പാർലമെന്റ് എന്ന തിരിച്ചറിവ് വേണമെന്നും സുധാകരൻ പറഞ്ഞു.