യുഎഇയിലെ പ്രവാസികൾ കരുതിയിരിക്കണം; റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു, പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്

ദുബായ്: അതികഠിനമായ ചൂടും വെയിലും കഴിഞ്ഞ് യുഎഇ ശീതകാലത്തിലേക്ക് കടക്കുകയാണ്. ഇന്ന് കനത്ത മൂടൽമഞ്ഞിന് സാദ്ധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തെ വിവിധ ഉൾപ്രദേശങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. മൂടൽമഞ്ഞ് കാരണം റോഡുകളിൽ കാഴ്‌ചപരിധി കുറയാൻ സാദ്ധ്യതയുള്ളതിനാൽ വാഹനയാത്രികർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ദ്വീപുകളിലും തീരദേശങ്ങളിലും കിഴക്കൻ മേഖലകളിലും ഇടയ്‌ക്ക് മേഘാവൃതമായ അന്തരീക്ഷത്തിന് സാദ്ധ്യതയുണ്ട്. പകൽ സമയങ്ങളിൽ രാജ്യത്ത് പൊതുവെ ചൂട് അനുഭവപ്പെടുമെങ്കിലും ചില ഉൾപ്രദേശങ്ങളിൽ താപനില 18 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ദുബായിൽ കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസുമാണ്. അബുദാബിയിൽ കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസുമാണ്. ഇന്ന് രാത്രിയിലും തിങ്കളാഴ്‌ച രാവിലെയും തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കാനും വീണ്ടും മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാനും സാദ്ധ്യതയുണ്ട്.

മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 35 കിലോമീറ്റർ വരെ വേഗത കൈവരിച്ചേക്കും. അറബിക്കടലിലും ഒമാൻ കടലിലും തിരമാലകൾ നേരിയതായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *