‘ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല’; പരാതി ലഭിച്ചാൽ നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകൃതമല്ലാത്ത സൗന്ദര്യവർദ്ധക ക്രീമുകൾ വില്പന നടത്തുന്നതിനെതിരെ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. പരാതികൾ ലഭിക്കുന്ന മുറയ്ക്ക് സർക്കാർ പരിശോധനകളും ആവശ്യമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം അരീക്കോട് ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ദുബായ് നിർമ്മിത ഫെയർനസ് ക്രീം ഒരു വർഷത്തോളം ഉപയോഗിച്ച 17കാരിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഓൺലൈൻ വഴി ലഭിക്കുന്നതും നിർമാണ വിവരങ്ങൾ വ്യക്തമല്ലാത്തതുമായ മുഖലേപനങ്ങളും ക്രീമുകളും ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം. ഇത്തരം ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അമിത മെർക്കുറി അടങ്ങിയ ഫേസ്ക്രീമുകളുടെ വില്പന തടയാനും പരിശോധനയ്ക്കുമായി എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി പറഞ്ഞിരുന്നു. തുടർനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബാലാവകാശ കമ്മിഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തിരിക്കുകയാണ്.

17കാരി വാങ്ങിയ ക്രീമിൽ അമിത അളവിലെ മെർക്കുറിയാണ് വില്ലനായത്. സൗന്ദര്യവർദ്ധക വസ്തുക്കളിൽ മെർക്കുറിയുടെ അനുവദനീയ അളവ് ഒരു പി.പി.എം (പാർട്സ് പെർ മില്യൺ) മാത്രം. എന്നാൽ, പെൺകുട്ടി പുരട്ടിയ ക്രീമിൽ 1.25 ശതമാനം മെർക്കുറി കണ്ടെത്തി. 12,500 മടങ്ങ് അധികം. വിദഗ്ദ്ധ ചികിത്സയിലൂടെ പെൺകുട്ടി അപകടനില തരണം ചെയ്തതിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *