വെള്ളത്തിലിറങ്ങിയപ്പോള്‍ തന്നെ 30 കി.മീ. അകലെ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചു ; യുദ്ധബാധിതമായ ഹോര്‍മുസ് കടലിടുക്കില്‍ ജീവന്‍ പണയപ്പെടുത്തി 15 കിലോമീറ്റര്‍ നീന്തി ബ്രിട്ടീഷ് നീന്തല്‍താരം

ഹോര്‍മുസ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ 15 കിലോമീറ്റര്‍ നീന്തി ബ്രിട്ടീഷുകാരന്‍. ബ്രിട്ടീഷ് എന്‍ഡുറന്‍സ് നീന്തല്‍താരം ലൂയിസ് പ്യൂ ആണ് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ നീന്തിയത്്. നിലവിലുള്ള സംഘര്‍ഷം ഉണ്ടാക്കുന്ന വിനാശകരമായ പാരിസ്ഥിതിക ആഘാതങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനാണ് നീന്തല്‍.

ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും, ജലപാത വീണ്ടും തുറക്കണമെന്നും, മലിനീകരണം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിങ്കളാഴ്ച വെള്ളത്തിലിറങ്ങി മിനിറ്റുകള്‍ക്കകം രണ്ട് ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ അദ്ദേഹം കേട്ടു. പോരാട്ടം അവസാനിപ്പിക്കാനും, തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാനും, കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ മൂലമുണ്ടായ മലിനീകരണം നീക്കം ചെയ്യാനും അദ്ദേഹം ശനിയാഴ്ച ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.

എണ്ണക്കപ്പലുകള്‍, ഗ്യാസ് കാരിയറുകള്‍, വാണിജ്യ കപ്പലുകള്‍ എന്നിവയ്ക്ക് നേരെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ സമുദ്ര പരിസ്ഥിതിയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും, ഈ നാശനഷ്ടങ്ങള്‍ ഭാവി തലമുറകളെ ബാധിച്ചേക്കാമെന്നും തന്റെ വെബ്സൈറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ പ്യൂ മുന്നറിയിപ്പ് നല്‍കി. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമിന്റെ 'പാട്രണ്‍ ഓഫ് ദി ഓഷ്യന്‍സ്' ആയി പ്രവര്‍ത്തിക്കുന്ന 56-കാരനായ അദ്ദേഹം, മേഖലയിലെ സമുദ്ര ആവാസവ്യവസ്ഥ നേരിടുന്ന ഭീഷണി ഉയര്‍ത്തിക്കാട്ടുന്നതിനായി ഒമാന്‍ തീരത്തിന് സമീപം മൂന്ന് ദിവസം നീന്തി.

അദ്ദേഹത്തിന്റെ ഈ ദൗത്യത്തിനിടെ അപകടസാധ്യത വളരെ വ്യക്തമായിരുന്നു. തിങ്കളാഴ്ച വെള്ളത്തിലിറങ്ങി ഏകദേശം 30 മിനിറ്റിനുശേഷം, അദ്ദേഹം നീന്തുന്നിടത്ത് നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ ഒരു എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായി. മൂന്ന് ദിവസം നീണ്ടുനിന്ന ഈ ശ്രമത്തിനിടെയുണ്ടായ തുടര്‍ ആക്രമണങ്ങളില്‍ മറ്റ് കപ്പലുകള്‍ക്കും തീപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *