മൂന്നാറിലെ അസം സ്വദേശിനിയുടെ മരണം കൊലപാതകം, ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: അസം സ്വദേശിനിയായ 22കാരിയെ മൂന്നാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കബിത ബോറ എന്ന യുവതിയെയാണ് പഴയ മൂന്നാറിലെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കബിത വിഷം കഴിച്ച് മരിച്ചതല്ലെന്നും ഭർത്താവ് കൊലപ്പെടുത്തിയതാണെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. കബിതയുടെ ഭർത്താവ് ജാർഖണ്ഡ് സ്വദേശി ജഗേശ്വർ കുമാർ ദാസിനെ (30) മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വ്യാഴാഴ്‌ച രാത്രിയാണ് കൊലപാതകം നടന്നത്. ഷാൾ മുറുക്കിയും കഴുത്ത് ഞെരിച്ചുമാണ് കബിതയെ കൊലപ്പെടുത്തിയതെന്ന് ജഗേശ്വർ പൊലീസിനോട് പറഞ്ഞു. സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനെന്ന പേരിലാണ് ഇരുവരും ലോഡ്‌ജിൽ മുറിയെടുത്തത്. രണ്ട് ദിവസമായി ഇവിടെ താമസിച്ച് വരികയായിരുന്നു. കബിത വിഷം കഴിച്ച് മരിച്ചുവെന്നാണ് ജഗേശ്വർ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

വർഷങ്ങൾക്ക് മുൻപാണ് കബിതയുടെ കുടുംബം മൂന്നാറിലെത്തിയത്. പിതാവ് എസ്റ്റേറ്റ് തൊഴിലാളിയാണ്. മാതാവ് പഞ്ചായത്ത് ശുചീകരണത്തൊഴിലാളിയും. പഴയ മൂന്നാറിലെ ഹോട്ടൽ ജീവനക്കാരനായ ജഗേശ്വറുമായി രണ്ട് വർഷം മുൻപായിരുന്നു കബിതയുടെ വിവാഹം നടന്നത്. ഇതിനുശേഷം ഇരുവരും മാതാപിതാക്കൾക്കൊപ്പം പെരിയവര ചോരമലയിൽ താമസിച്ച് വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *