തിരുവനന്തപുരം: സംസ്ഥാനത്ത അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകളുടെയും വിൽപ്പന തടയാൻ ആരോഗ്യവകുപ്പ്. ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പനയും ഓൺലൈൻ വിപണനവും നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദ്ദേശം നൽകി. നിയമവിരുദ്ധമായ ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതിനൊപ്പം ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഫേസ് ഷീറ്റുകൾ, ഫെയർനെസ് ഉത്പന്നങ്ങൾ, ചർമ്മത്തിന്റെ നിറവും സൗന്ദര്യവും വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകൾ, മറ്റ് സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ വിപണനം പ്രത്യേകം പരിശോധിക്കും.
സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പുറമേ പേശീബലം വർധിപ്പിക്കാനും ശരീരത്തിന്റെ കരുത്തും ശാരീരിക ഉത്തേജനവും കൂട്ടാനുമെന്ന പേരിൽ ഗുളികകൾ, ഓയിന്റ്മെന്റുകൾ, തൈലങ്ങൾ തുടങ്ങിയവ വ്യാജപരസ്യങ്ങളിലൂടെ വിൽക്കുന്നവരെയും പരിശോധനയുടെ പരിധിയിൽ കൊണ്ടുവരും. ശാസ്ത്രീയമായ തെളിവുകളില്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെയും നടപടിയുണ്ടാകും.
സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം ഉത്പന്നങ്ങൾ പ്രചരിപ്പിക്കുകയും ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്ലോഗർമാരെയും നിരീക്ഷിക്കും. പണം വാങ്ങിയുള്ള പ്രചാരണത്തിന്റെ പേരിൽ ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം. ഉത്പന്നങ്ങളുടെ പരസ്യവും വിൽപ്പനയും മാത്രമല്ല, അവയുടെ വിതരണശൃംഖലയും ഉറവിടവും പരിശോധിച്ച് ഉത്തരവാദികളെ കണ്ടെത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അംഗീകൃത ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാവൂ. ആകർഷകമായ പരസ്യങ്ങൾക്കും പെട്ടെന്ന് ഫലം ലഭിക്കുമെന്ന വാഗ്ദാനങ്ങൾക്കും പിന്നാലെ പോകാതെ ഉൽപ്പന്നങ്ങളുടെ അംഗീകാരം, നിർമ്മാതാവിന്റെ വിവരങ്ങൾ, ഗുണനിലവാരം എന്നിവ ഉറപ്പാക്കണംയ