സിംഗപ്പൂർ : അമേരിക്കൻ ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയയുടെ അത്യാധുനിക എ.ഐ ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യയിലെ കമ്പനികൾ വഴി ചൈനയിലേക്ക് കടത്തിയെന്ന ആരോപണത്തിൽ ചൈനീസ് പൗരനായ ലീ മിംഗിനെതിരെ അന്വേഷണം. കേസിൽ ചൈനയുടെ ചാരവനിതയെന്ന ആരോപണം നേരിടുന്ന ആലീസ് ഹുവാങ്ങും അവരുടെ ഭർത്താവ് കാങ് വെയ് എന്നിവരുമായി അടുത്ത ബന്ധമുള്ളയാളാണ് ലീ മിങ്.
52കാരനായ ലീ മിങ് എൻവിഡിയയുടെ ചിപ്പുകൾ ചൈനയിലെത്തിക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ചെന്നാണ് റിപ്പോർട്ട്. തന്റെ കമ്പനിയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് ലീ മിങ് എൻവിഡിയ ചിപ്പുകൾ ഘടിപ്പിച്ച കമ്പ്യൂട്ടർ സെർവറുകൾ വാങ്ങിയെന്നാണ് സിംഗപ്പൂർ പ്രോസിക്യൂട്ടർമാരുടെ ആരോപണം. കംബോഡിയൻ ക്രിമിനൽ സംഘവുമായും ഈ ശൃംഖലയ്ക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ടുണ്ട്.
ആലീസ് ഹുവാങ് മാനേജിംഗ് ഡയറക്ടർ ആയിപ്രവർത്തിച്ചിരുന്ന സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് എന്ന കമ്പനിയുടെ പ്രവർത്തനങ്ങളിൽ 2025വരെ ഇയാൾ സജീവമായിരുന്നു. ചൈനീസ് ഉപഭോക്താക്കൾക്ക് അത്യാധുനിക കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ലീ മിങ് , ആലീസ് ഹുവാങ്, കാങ് വെയ് എന്നിവർ തെക്കുകിഴക്കൻ ഏഷ്യയിലെ വിവിധ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.
അതേസമയം ഗെയിമിംഗ് കമ്പനിയായ 7റോഡിന്റെ സിംഗപ്പൂർ വിഭാഗത്തിൽനിന്ന് രൂപംകൊണ്ട മെഗാസ്പീഡിന്റെ പൊതുമുഖമായിരുന്നു ആലീസ് ഹുവാങ്. കമ്പനിയുടെ ഉടമസ്ഥതയ്ക്കും സാമ്പത്തിക ഇടപാടുകൾക്കും ചൈനീസ് ഗെയിമിംഗ് ഗ്രൂപ്പായ സെഞ്ച്വറി ഹുവാടോങ്ങുമായി ബന്ധമുണ്ടായിരുന്നു. ഹുവാങ്ങിന്റെ ഭർത്താവ് കാങ് വെയ് ഈ ഗ്രൂപ്പിലെ ആദ്യകാല നിക്ഷേപകരിലൊരാളായിരുന്നു. ഈ ബിസിനസ് ബന്ധങ്ങളെ കംബോഡിയ ആസ്ഥാനമായ പ്രിൻസ് ഗ്രൂപ്പിലെ മുതിർന്ന വ്യക്തിയെന്ന് അമേരിക്കൻ അധികൃതർ വിശേഷിപ്പിക്കുന്ന ഹു സിയാവോവെയുമായി ബന്ധിപ്പിക്കുന്ന വിപുലമായ ശൃംഖലയും ഫിനാൻഷ്യൽ ടൈംസ് കണ്ടെത്തി. സൈബർ തട്ടിപ്പുകളിലും കള്ളപ്പണം വെളുപ്പിക്കലിലും പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് അമേരിക്ക പ്രിൻസ് ഗ്രൂപ്പിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
തെക്കുകിഴക്കൻ ഏഷ്യ വഴി ചിപ്പുകളും പണവും രഹസ്യമായി കടത്തുന്നതിൽ ഹുവിനും കൂട്ടാളികൾക്കും പങ്കുണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്. എന്നാൽ ആരോപണങ്ങൾ പ്രിൻസ് ഗ്രൂപ്പ് നിഷേധിച്ചു. ഹു തങ്ങളുടെ സ്ഥാപനത്തിൽ ഒരിക്കലും ജോലി ചെയ്തിട്ടില്ലെന്നും ഗ്രൂപ്പിന്റെ വക്താവ് വ്യക്തമാക്കി.