ആർഎസ്എസ് വേദിയിൽ മോഹൻലാൽ; ‘രാജ്യസ്നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല, സംസ്കാരം’

കോഴിക്കോട്: രാജ്യസ്നേഹവും ദേശീയബോധവും വെറും മുദ്രാവാക്യങ്ങളല്ലെന്നും അത് തലമുറകളിലേക്ക് കൈമാറേണ്ട സംസ്കാരമാണെന്നും നടൻ മോഹൻലാൽ. ആർഎസ്എസ് മുഖമാസികയായ കേസരിയുടെ നേതൃത്വത്തിലുള്ള മാതംഗി മൾട്ടിമീഡിയ റെക്കോർഡിങ് സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ കർമമേഖല സിനിമയാണെന്നും അഭിനയമാണ് തനിക്ക് അറിയാവുന്ന കാര്യമെന്നും മോഹൻലാൽ പറഞ്ഞു. രാജ്യസ്നേഹവും ദേശീയബോധവും പ്രമേയമായ നിരവധി സിനിമകളിൽ, പ്രത്യേകിച്ച് പട്ടാള ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനായി നിരവധി തവണ സൈനിക ക്യാമ്പുകളിലും അതിർത്തി പ്രദേശങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞതിനപ്പുറം രാജ്യസ്നേഹവും ദേശീയബോധവും നേരിട്ട് അനുഭവിച്ചറിയാൻ ഈ യാത്രകൾ സഹായിച്ചു. നമുക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയുന്നത് അതിർത്തികളിൽ സൈനികർ കാവൽ നിൽക്കുന്നതുകൊണ്ടാണ്. അവരുടെ ഹൃദയമിടിപ്പാണ് രാജ്യസ്നേഹമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന 'ഓപ്പറേഷൻ ഗംഗ'യും രാജ്യസ്നേഹം പ്രമേയമാക്കുന്ന ചിത്രമാണ്. തന്നാലാകുന്ന വിധത്തിൽ രാജ്യസ്നേഹം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തന്റെ കർമമേഖലയിലൂടെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയിൽ 50 വർഷം പിന്നിട്ട അനുഭവങ്ങളും മോഹൻലാൽ പങ്കുവെച്ചു. സിങ്ക് സൗണ്ട് പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടെ സിനിമാരംഗത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. സർഗാത്മകതയും സാങ്കേതികവിദ്യയും ഒന്നുചേരുമ്പോഴാണ് മികച്ച കലാവിഷ്കാരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. രാമായണം പോലുള്ള ഇതിഹാസങ്ങളും പുരാണങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എത്രത്തോളം വിജയകരമായി അവതരിപ്പിക്കാനാകുമെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *