തിരുവനന്തപുരം: ലയണല്‍ മെസി ഉള്‍പ്പെട്ട അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടില്‍ മുന്‍ കായികമന്ത്രി വി. അബ്‌ദുറഹിമാനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു. ഷറഫലിയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടപ്പോഴും ഇടപാടുകളുടെയെല്ലാം മുഖ്യസൂത്രധാരനായ മറ്റൊരാളെ തൊടാന്‍ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി. ) മടിക്കുന്നതായി ആക്ഷേപം.
കേരള വാർത്തകൾ
കേസില്‍ അബ്‌ദുറഹിമാന്‍, പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലന്‍, യു. ഷറഫലി എന്നിവര്‍ക്കെതിരേ അഴിമതിനിരോധന നിയമപ്രകാരം നടപടിയെടുക്കാന്‍ എസ്.ഐ.ടി. നീങ്ങുമ്പോഴാണ്, പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖന്‍ അന്വേഷണപരിധിക്ക് പുറത്തുനില്‍ക്കുന്നത്.
അര്‍ജന്റീന ടീം സന്ദര്‍ശനത്തിന്റെ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിയില്‍നിന്ന് (ആര്‍ബിസി) ഷറഫലിയുടെ ഉടമസ്‌ഥതയിലുള്ള നോവസ് സോക്കര്‍ അക്കാദമിയിലേക്ക് 2 കോടി രൂപ എത്തിയതിന്റെയും ഇതില്‍ 1.08 കോടി വ്യക്‌തിഗത അക്കൗണ്ടുകളിലേക്ക് മാറ്റിയതിന്റെയും രേഖകള്‍ എസ്.ഐ.ടി. കണ്ടെത്തിയിരുന്നു. നേരത്തേ പ്രതിപ്പട്ടികയിലുള്ള ആര്‍.ബി.സിക്കും ഉടമ ആന്റോ അഗസ്‌റ്റിനുമെതിരേ അഴിമതിനിരോധന വകുപ്പുകള്‍കൂടി ചുമത്താനും തീരുമാനമായിട്ടുണ്ട്. എന്നാല്‍, ഈ വന്‍കിട ഇടപാടുകള്‍ക്കെല്ലാം വഴിയൊരുക്കിയ വ്യക്‌തിയിലേക്ക് അന്വേഷണം നീളാത്തതു ദുരൂഹത വര്‍ധിപ്പിക്കുന്നു.
മുന്‍പ് കോണ്‍ഗ്രസ് പാളയത്തിലായിരുന്ന വി. അബ്‌ദുറഹിമാനെ ഇടതുപക്ഷത്തേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് ഈ 'സൂത്രധാരന്‍' എന്നാണ് സൂചന. കായികവകുപ്പിലെ നിര്‍ണായക തീരുമാനങ്ങളിലും സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളിലും ഇദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടായിരുന്നതായും ആരോപണമുണ്ട്. അബ്‌ദുറഹിമാനുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ച് കരാര്‍ നടപടികളില്‍ ഇദ്ദേഹം ഇടപെട്ടതായാണ് സൂചന. ഉദ്യോഗസ്‌ഥതലത്തിലും ഭരണതലത്തിലും വലിയ സ്വാധീനമുള്ള ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്.
കരാറിലെ വ്യാജ സീല്‍ വിവാദവും കോടികളുടെ ഫണ്ട് കൈമാറ്റവും ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ പുറത്തുവരുമ്പോഴും, യഥാര്‍ഥ സൂത്രധാരനെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം കേസിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയമവിദഗ്‌ധര്‍.