ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ മാത്രം പുതിയ പി.എസ്‌.സി. വിജ്‌ഞാപനം; എല്‍.പി.എസ്.ടി, യു.പി.എസ്.ടി വിജ്ഞാപനങ്ങള്‍ ത്രിശങ്കുവില്‍

തിരുവനന്തപുരം: കൃത്യമായ ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ മാത്രം പുതിയ പരീക്ഷയ്‌ക്ക് പി.എസ്‌.സി. വിജ്‌ഞാപനം മതിയെന്ന കര്‍ശന നിലപാടിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുന്നതില്‍ ഉദ്യോഗാര്‍ഥികള്‍ക്ക്‌ ആശങ്ക.

മാപ്പുകൾ കാണുക

ഡിസംബറില്‍ വരുമെന്നു പ്രതീക്ഷിച്ചിരുന്ന എല്‍.പി.എസ്‌.ടി, യു.പി.എസ്‌.ടി വിജ്‌ഞാപനങ്ങള്‍ ഈ വര്‍ഷം ഉണ്ടാകാനിടയില്ലെന്നാണു വിവരം. അധ്യാപക തസ്‌തികകള്‍ ഉള്‍പ്പെടെയുള്ള നിരവധി നിയമനങ്ങളെയാണ്‌ ഈ നീക്കം ബാധിക്കുക. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന എല്‍.പി.എസ്‌.ടി. റാങ്ക്‌ ഹോള്‍ഡേഴ്‌സിന്റെ ആവശ്യം പരിഗണിച്ച്‌ പുതിയ വിജ്‌ഞാപനം വൈകിപ്പിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായാണു സൂചന. ഇതിനുപുറമേ, ഹൈസ്‌കൂള്‍തലം വരെ കെ-ടെറ്റ്‌ നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ പി.എസ്‌.സി. വ്യക്‌തത തേടിയെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കാത്തതും എല്‍.പി.എസ്‌.ടി, യു.പി.എസ്‌.ടി, എച്ച്‌.എസ്‌.ടി. വിജ്‌ഞാപനങ്ങള്‍ക്ക്‌ തടസമാകുന്നുണ്ട്‌.

വിവിധ വകുപ്പുകളിലെ ക്ലാര്‍ക്ക്‌, ലാസ്‌റ്റ് ഗ്രേഡ്‌ സര്‍വന്റ്‌ തസ്‌തികകളുടെ നിലവിലുള്ള റാങ്ക്‌ ലിസ്‌റ്റുകള്‍ 2028 ജൂലൈയിലാണ്‌ അവസാനിക്കുന്നത്‌. ഇവയ്‌ക്കു പിന്‍ഗാമിയായി പുതിയ റാങ്ക്‌ ലിസ്‌റ്റുകള്‍ സമയബന്ധിതമായി നിലവില്‍ വരണമെങ്കില്‍ ഈ വര്‍ഷം തന്നെ വിജ്‌ഞാപനം വരേണ്ടതുണ്ട്‌. സാധാരണയായി പ്രതീക്ഷിത ഒഴിവുകളുടെ അടിസ്‌ഥാനത്തിലാണ്‌ ഈ തസ്‌തികകളില്‍ പി.എസ്‌.സി. വിജ്‌ഞാപനം പുറത്തിറക്കാറുള്ളത്‌. സെക്രട്ടേറിയറ്റ്‌ അസിസ്‌റ്റന്റ്‌, യൂണിവേഴ്‌സിറ്റി അസിസ്‌റ്റന്റ്‌, കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡ്‌ അസിസ്‌റ്റന്റ്‌, പോലീസ്‌ കോണ്‍സ്‌റ്റബിള്‍, എസ്‌.ഐ. തുടങ്ങിയ പ്രധാന തസ്‌തികകളിലേക്കെല്ലാം വിജ്‌ഞാപനം വരുന്നത്‌ പ്രതീക്ഷിത ഒഴിവുകള്‍ കണക്കിലെടുത്താണ്‌. ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ശേഷം മാത്രം വിജ്‌ഞാപനം മതിയെന്ന തീരുമാനത്തിലേക്ക്‌ മാറിയാല്‍ ഈ തസ്‌തികകളിലേക്കുള്ള വിജ്‌ഞാപനങ്ങളും വൈകാന്‍ സാധ്യതയേറെയാണ്‌.

റാങ്ക്‌ ലിസ്‌റ്റിന്റെ കാലാവധി തീരുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ പുതിയ ലിസ്‌റ്റ് നിലവില്‍ വരുന്ന രീതി പി.എസ്‌.സി. പിന്തുടര്‍ന്നിരുന്നതിനാല്‍ താല്‍ക്കാലിക നിയമനങ്ങള്‍ കുറയ്‌ക്കാനും സ്‌ഥിരം നിയമനങ്ങള്‍ കൂട്ടാനും സാധിച്ചിരുന്നു. പുതിയ മാറ്റം നിലവില്‍ വന്നാല്‍ പി.എസ്‌.സി. നിയമനങ്ങള്‍ കുറയാനും പകരം താല്‍ക്കാലിക നിയമനങ്ങള്‍ കൂടാനും ഇടയാക്കുമെന്ന ആശങ്കയിലാണ്‌ ഉദ്യോഗാര്‍ഥികള്‍.

Leave a Reply

Your email address will not be published. Required fields are marked *