ടെഹ്റാന്: ഹിജാബ് ധരിക്കാതെ പാട്ടുപാടിയ പ്രശസ്ത ഗായികയ്ക്ക് ഇറാനില്‍ ചാട്ടവാറടി. പൊതുസദാചാരത്തിന് നിരക്കാത്ത ഉള്ളടക്കം നിര്‍മ്മിച്ചെന്ന് ആരോപിച്ച് ഗായിക പരസ്തൂ അഹമ്മദിക്കും സംഗീത ഗ്രൂപ്പിലെ മറ്റ് നാല് അംഗങ്ങള്‍ക്കും 74 ചാട്ടവാറടി വീതമാണ് ശിക്ഷിച്ചത്. യാത്രയ്ക്കും കലാപരിപാടികള്‍ നടത്തുന്നതിനും രണ്ട് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അഭിഭാഷകനായ മുസ്തഫ നിലിയെ ഉദ്ധരിച്ച് 'എംതെദാദ്' വെബ്സൈറ്റ് നവംബര്‍ 23 തിങ്കളാഴ്ചയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2024 ഡിസംബ റില്‍ യൂട്യൂബില്‍ പുറത്തിറങ്ങിയ ഒരു വീഡിയോയുമായി ബന്ധപ്പെട്ടാണ് ഈ കേസ്. പുരുഷ സംഗീതജ്ഞര്‍ക്കൊപ്പം അഹമ്മദി ഹിജാബ് ധരിക്കാതെ സംഗീത പരിപാടി അവതരിപ്പിക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാന് തെക്കുള്ള ഖോമിലാണ് ഈ പ്രകടനം ചിത്രീകരിച്ചതെന്ന് നോര്‍വേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹെന്‍ഗാവ് വ്യക്തമാക്കുന്നു.
ഇറാനിയന്‍ നിയമപ്രകാരം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കേണ്ടത് നിര്‍ബന്ധമായതിനാല്‍ ഈ വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. ശിരോവസ്ത്രം ധരിക്കാതെയുള്ള അഹമ്മദിയുടെ പ്രകടനം, രാജ്യത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും കലാപരമായ ആവിഷ്‌കാരത്തിനും മേലുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചാട്ടവാറടി ശിക്ഷയെ പീഡനമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും പാശ്ചാത്യ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ആവര്‍ത്തിച്ച് അപലപിച്ചിട്ടുണ്ട്.
പാശ്ചാത്യ രാജ്യങ്ങള്‍ സ്വന്തം രാജ്യത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങളാണ് ആദ്യം പരിഹരിക്കേണ്ടതെന്ന് വാദിച്ചുകൊണ്ട് ഇറാന്‍ ഈ വിമര്‍ശനങ്ങളെ തള്ളിക്കളയുകയാണ് ചെയ്തത്. 2022-ല്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായ നിര്‍ബന്ധിത ഹിജാബ് നിയമങ്ങളിലേക്ക് വീണ്ടും ശ്രദ്ധ തിരിക്കുകയാണ് ഈ സംഭവം. വസ്ത്രധാരണ രീതി ലംഘിച്ചുവെന്ന് ആരോപിച്ച് അറസ്റ്റിലായ കുര്‍ദിഷ്-ഇറാനിയന്‍ യുവതി മഹ്‌സ അമിനി കസ്റ്റഡിയിലിരിക്കെ മരിച്ചതിനെ തുടര്‍ന്നാണ് അന്ന് പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
അമിനിയുടെ മരണം ഇറാനിലുടനീളം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തുകയും, നിര്‍ബന്ധിത ഹിജാബ് നിയമങ്ങളെയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങളെയും പ്രതിഷേധക്കാര്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനെതിരെ അധികൃതര്‍ നടത്തിയ അടിച്ചമര്‍ത്തലുകള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ അപലപനത്തിന് ഇടയാക്കിയിരുന്നു.