കോട്ടയം: രാഷ്‌ട്രീയ വിവാദങ്ങളുണ്ടായപ്പോൾ രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ കുടുംബത്തെ സംരക്ഷിച്ചു എന്നതിൽ യാതൊരു സംശയവുമില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സോളാർ വിവാദങ്ങൾ കൊടുമ്പിരികൊണ്ട സമയത്ത് പിതാവ് ഉമ്മൻ ചാണ്ടിയെ പരസ്യമായി സംരക്ഷിച്ച നേതാവാണ് രാജ്‌മോഹൻ ഉണ്ണിത്താനെന്നും അദ്ദേഹം കോട്ടയത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ചാനലുകളിൽ നിന്നും ചാനലുകളിലേക്ക് പോയി ഉണ്ണിത്താൻ ഞങ്ങളുടെ കുടുംബത്തിന് സംരക്ഷണ കവചമൊരുക്കി. അതിന്റെ പേരിൽ പലതവണ അദ്ദേഹത്തെ സിപിഎം ആക്രമിച്ചു. രക്തം ഒലിച്ച് വീട്ടിലെത്തിയ അദ്ദേഹത്തെ ഞങ്ങളാണ് ആശുപത്രിയിലെത്തിച്ചത്. ഞങ്ങളെ പച്ചയ്‌ക്ക് വലിച്ചുകീറുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. ജീവിതം തകർക്കാനുള്ള ശ്രമം ഇടതുപക്ഷം നടത്തിയപ്പോൾ മുന്നിൽ പോരാളിയായി നിന്നത് രാജ്‌മോഹൻ ഉണ്ണിത്താൻ ആയിരുന്നു. അതൊരിക്കലും മറക്കാൻ സാധിക്കില്ല. കോൺഗ്രസ് പാർട്ടിക്ക് മുഴുവൻ കടപ്പാടുള്ള വ്യക്തിയാണ് അദ്ദേഹം' – ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം, രാജ്‌മോഹൻ ഉണ്ണിത്താൻ ഒപ്പം നിന്നുവെന്ന് പറഞ്ഞതിനർത്ഥം മറ്റുള്ളവർ ഒപ്പം നിന്നില്ല എന്നല്ലെന്നും താൻ ആരെയും കുറ്റപ്പെടുത്താൻ തയ്യാറല്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയുടെ അവസാന കാലത്ത് എന്തെങ്കിലും നേട്ടം കിട്ടുമോ എന്ന് നോക്കിയവരുണ്ടെന്നും അദ്ദേഹത്തിന്റെ മരണത്തെയും അവസാനകാലത്തെയും തനിക്കെതിരെ ഉപയോഗിക്കാൻ ചിലർ ശ്രമിച്ചുവെന്നും എംഎൽഎ ആവർത്തിച്ചു. എന്നാൽ, അത് ഷാഫി പറമ്പിലാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, താങ്കൾ 'എ' ഗ്രൂപ്പിലാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാൻ ചാണ്ടി ഉമ്മൻ തയ്യാറായില്ല.