തിരുവനന്തപുരം: ക്യാബിനറ്റ് റാങ്കിലുള്ള പദവി ആവശ്യപ്പെട്ട് ആർഎസ്പി യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി. മറ്റ് ഘടകകക്ഷികൾക്ക് ക്യാബിനറ്റ് പദവി അനുവദിക്കുന്ന സാഹചര്യത്തിൽ ആർഎസ്പിക്കും അർഹമായ പരിഗണന നൽകണമെന്നാണ് കത്തിലെ ആവശ്യം.
മാപ്പുകൾ കാണുക
ആർഎസ്പി അഖിലേന്ത്യാ പ്രസിഡന്റ് എ.എ. അസീസിന് ക്യാബിനറ്റ് റാങ്കോടുകൂടിയ പദവി നൽകണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, അടൂർ പ്രകാശ് എന്നിവർക്കാണ് കത്ത് നൽകിയത്.
ക്യാബിനറ്റ് റാങ്കിലുള്ള പദവികളുടെ എണ്ണം വർധിപ്പിക്കുന്നതിനോട് ആർഎസ്പിക്ക് യോജിപ്പില്ല. എന്നാൽ മുതിർന്ന നേതാക്കൾക്ക് ക്യാബിനറ്റ് റാങ്ക് നൽകുന്ന സംവിധാനം യുഡിഎഫ് കൊണ്ടുവരികയാണെങ്കിൽ എ.എ. അസീസിനും പദവി അനുവദിക്കണമെന്ന നിലപാടാണ് പാർട്ടിക്കുള്ളത്.
സംസ്ഥാനത്തെ ബോർഡുകളിലെയും കോർപറേഷനുകളിലെയും നിയമനങ്ങൾ വൈകുന്നതിലും ആർഎസ്പി അതൃപ്തി അറിയിച്ചിട്ടുണ്ട്. ഈ മാസം തന്നെ ഉഭയകക്ഷി ചർച്ചകളിലൂടെ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കണമെന്നാണ് ആവശ്യം.
നയപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും തീരുമാനങ്ങൾ സമവായത്തിലൂടെ കൈക്കൊള്ളുന്നതിനും യുഡിഎഫ് യോഗങ്ങൾ പതിവായി വിളിച്ചുചേർക്കണമെന്നും ആർഎസ്പി നേതൃത്വത്തിന്റെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.