റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടം: മരിച്ച 13 പേരിൽ 11ഉം ഇന്ത്യക്കാർ

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ഇന്നുണ്ടായ അപകടത്തിൽ പെട്ടത് മലയാളിയുടെ ഉടമസ്ഥതയിലുള്ള ബസെന്ന് സൂചന. റാസൽഖൈമയിൽ ഇന്ന് പുലർച്ചെ തെക്കൻ മേഖലയിലെ അൽ വതൻ റോഡിലുണ്ടായ അപകടത്തിൽപെട്ട് മരണപ്പെട്ട 13 പേരിൽ 11ഉം ഇന്ത്യക്കാരാണെന്നാണ് സൂചനകൾ. ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

പരിക്കേറ്റ 14പേർ റാസൽഖൈമയിൽ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഒമാനിൽ സന്ദർശക വിസ പുതുക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. 11 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടുപേർ ആശുപത്രിയിൽവച്ചും മരിച്ചു. ബസിൽ 41 പേരായിരുന്നു യാത്ര ചെയ്‌തിരുന്നത്. തകരാറിനെ തുടർന്ന് വഴിയരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബസ് വന്നിടിക്കുകയായിരുന്നുവെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

അപകടവിവരം അറിഞ്ഞയുടൻതന്നെ ആംബുലൻസ്, സിവിൽ ഡിഫൻസ്, പൊലീസ് തുടങ്ങിയ സുരക്ഷാ വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രികളിലേക്ക് മാറ്റി. പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും ഉദ്യോഗസ്ഥർ നടപടിയെടുത്തു. അടുത്തിടെ ഫുജൈറയിലുണ്ടായ സമാനമായ അപകടത്തിൽ ഇന്ത്യക്കാരടക്കം 14പേർ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *