ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്-സമാജ്‌വാദി പാർട്ടി സീറ്റ് ചർച്ചകളിൽ ഉടക്ക്. കോൺഗ്രസ് ആവശ്യപ്പെടുന്ന 120 സീറ്റുകൾ നൽകാൻ എസ്.പി തയ്യാറാവാത്തതാണ് കാരണം. 26 സീറ്റുകളാണ് എസ്.പി വാഗ്ദാനം. ഡൽഹിയിൽ നാളെയും ചർച്ച തുടരും.
കോൺഗ്രസിന് 26 സീറ്റുകൾ വാഗ്ദാനം ചെയ്തതായി സമാജ്‌വാദി പാർട്ടി സെക്രട്ടറി ജനറൽ രാം ഗോപാൽ യാദവ് പറഞ്ഞു. കോൺഗ്രസിന്റെ രണ്ട് സിറ്റിംഗ് സീറ്റുകൾക്കും 2022ൽ രണ്ടാം സ്ഥാനത്ത് വന്ന നാല് സീറ്റുകൾക്കും ഒപ്പം സമാജ്‌വാദി പാർട്ടി 60,000-70,000 വോട്ടുകൾ നേടിയ 20 സീറ്റുകളുമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ 20 സീറ്റുകളിൽ കോൺഗ്രസിന് 2,000ൽ പരം വോട്ടുകളേ ലഭിച്ചുള്ളൂ.
അതേസമയം ആദ്യ റൗണ്ട് സീറ്റ് വിഭജന ചർച്ചകൾ ഇന്ന് സമാപിച്ചു. അടുത്ത റൗണ്ട് നാളെ ആരംഭിക്കും. ചർച്ചകൾ സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണെന്ന് രാം ഗോപാൽ യാദവ് പറഞ്ഞു. ഇരുപക്ഷവും അഭിപ്രായങ്ങൾ പറഞ്ഞു. ഉടൻ ധാരണയുണ്ടാകുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം വ്യക്തമാക്കി.