തിരുപ്പറങ്കുന്റം കാർത്തിക ദീപം ഉടൻ തെളിയിക്കും; ഹൈക്കോടതിയുടെ കർശന നിർദേശം

തിരുപ്പറങ്കുന്റം: തമിഴ്‌നാട്ടിലെ തിരുപ്പറങ്കുന്റം ക്ഷേത്രത്തിലെ മലമുകളിലെ കാർത്തിക ദീപം ഉടൻ തെളിയിക്കും. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ കർശന നിർദേശത്തിന് പിന്നാലെയാണ് ചടങ്ങിനുള്ള നടപടികൾ പുരോഗമിക്കുന്നത്.

നിരോധനാജ്ഞ മതസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന രീതിയിൽ ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് ജില്ലാ കലക്ടർ നിശാന്ത് കൃഷ്ണ കോടതിയെ അറിയിച്ചു.

നിരോധനാജ്ഞ പ്രഖ്യാപിച്ചതിലൂടെ ജില്ലാ കലക്ടർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും ദീപം തെളിയിക്കുന്നത് തടയാനാണോ ശ്രമമെന്നും കോടതി ആരാഞ്ഞു. കേസ് വൈകിട്ട് നാലിന് വീണ്ടും പരിഗണിക്കാനാണ് തീരുമാനം. ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, ഡി. സുമതി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മലമുകളിലെ ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കണമെന്നത് മതപരമായ ആചാരത്തിന്റെ ഭാഗമോ പാരമ്പര്യ അവകാശമോ അല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ ക്ഷേത്രത്തിലെ ഏതാനും പ്രതിനിധികൾ, പൊലീസുകാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ദീപം തെളിയിക്കാമെന്നാണ് സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

അതേസമയം, സമീപത്തുള്ള മുസ്ലിം ദർഗയുടെ സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. മതസ്വാതന്ത്ര്യവും ക്രമസമാധാനവും ഒരുപോലെ സംരക്ഷിച്ചുകൊണ്ട് കോടതി ഉത്തരവ് നടപ്പാക്കാനാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *