പത്തനംതിട്ട: തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പരോക്ഷ ആരോപണത്തിൽ മറുപടിയുമായി പാലക്കാട് മുൻ എംഎൽഎ. താൻ ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ല. രാജ്മോഹൻ ഉണ്ണിത്താൻ തന്റെ പേര് പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
'ഞാൻ സൈബർ ആക്രമണം നടത്തിയിട്ടില്ല. കോൺഗ്രസ് പാർട്ടിക്കകത്തുള്ള ആർക്കെതിരെയും അത്തരം ആക്രമണം നടത്തിയിട്ടില്ല. കോൺഗ്രസിന് പുറത്തുള്ളവരോടും ചെയ്തിട്ടില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പ്രൊഫൈലിലൂടെ പറയുമെന്നതിനപ്പുറം വൺ ടൂ ത്രീ അറ്റാക്ക് എന്നുപറഞ്ഞ് സേനയെ ഒന്നും വിന്യസിച്ചിട്ടില്ല. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അത് നൽകാം.
ഷാഫി പറമ്പിലും ഞാനും തമ്മിൽ സഹോദരസ്നേഹമാണുള്ളത്. അല്ലാതെ ഗുരുശിഷ്യബന്ധമൊന്നുമില്ല. സൈബർ ആക്രമണം നടത്തിയിട്ടില്ലെങ്കിലും നമുക്ക് ഇഷ്ടമുള്ള ആൾക്ക് പ്രതിസന്ധി വരുമ്പോൾ അയാളെ പ്രതിരോധിച്ചത് ഇയാളാകും എന്നൊരു തോന്നൽ ആർക്കെങ്കിലുമൊക്കെ ഉണ്ടായാൽ അത് തന്റെ പൊതുപ്രവർത്തനത്തിലെയോ ജീവിതത്തിലെയോ പോസിറ്റീവ് ആസ്പെക്ട് ആയാണ് കരുതുന്നത്.
സൈബർ അറ്റാക്ക് എന്ന കാര്യത്തിൽ വിശ്വസിക്കുന്നില്ല. അത് സൈബറിടത്തിലെ ഒരുപാടുപേരുടെ അഭിപ്രായങ്ങളാണ്. പലതരത്തിലുള്ള അഭിപ്രായങ്ങളുണ്ട്. ഇതിനെ സൈബർ അറ്റാക്ക് എന്ന് വിളിക്കാമെങ്കിൽ എനിക്കെതിരെയും അത് ഉണ്ടായിട്ടുണ്ട്'- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.