അനധികൃത സ്വത്ത് സമ്പാദന കേസ്: രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയുടെ ആശ്വാസം; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയുടെ ആശ്വാസം. പരാതിയിൽ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) പരിശോധന നടത്തണമെന്ന് നിർദേശിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവുകൾ സുപ്രീംകോടതി റദ്ദാക്കി.

ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ബിജെപി അംഗം വിഘ്നേഷ് ശിശിർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അലഹബാദ് ഹൈക്കോടതി സിബിഐയോടും ഇ.ഡിയോടും പരിശോധന നടത്താൻ നിർദേശിച്ചത്. എന്നാൽ, രാഹുൽ ഗാന്ധിയുടെ വാദം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവുകൾ പുറപ്പെടുവിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ഉത്തരവുകൾ പൂർണമായും റദ്ദാക്കിയ സുപ്രീംകോടതി, വിഘ്നേഷ് ശിശിറിന്റെ ഹർജി വീണ്ടും പരിഗണിക്കാൻ കേസ് അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. ഹർജി നിലനിൽക്കുമോ എന്നതടക്കമുള്ള കാര്യങ്ങൾ ഹൈക്കോടതി പുതുതായി പരിശോധിക്കണമെന്നും നിർദേശിച്ചു.

നേരത്തെ, രാഹുൽ ഗാന്ധിയുടെ വാദം കേൾക്കാതെ കേസിൽ തുടർനടപടികൾ സ്വീകരിക്കരുതെന്ന് സുപ്രീംകോടതി അലഹബാദ് ഹൈക്കോടതിയോട് നിർദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിലും കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

അതേസമയം, സുപ്രീംകോടതിയുടെ ഉത്തരവ് രാഹുൽ ഗാന്ധിയെ കേസിൽ കുറ്റവിമുക്തനാക്കുന്നതല്ല. ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ റദ്ദാക്കി നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് കേസ് വീണ്ടും പരിഗണിക്കാനാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *