മുംബയ്: ഐപിഎൽ 2027 സീസണിൽ മുംബയ് ഇന്ത്യൻസിനെ നയിക്കാൻ രോഹിത്ത് ശർമ്മ മടങ്ങിയെത്തുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹിറ്റ്മാൻ ഫ്രാഞ്ചൈസിയെ നയിക്കാൻ രംഗത്തെത്തുന്നത്. 'ചിരിക്കൂ എല്ലാവരും ചിരിക്കൂ' എന്ന കുറിപ്പോടെ മുംബയ് ഇന്ത്യൻസ് പങ്കുവച്ച വീഡിയോ അൽപസമയം മുൻപാണ് പുറത്തുവന്നത്.
ഇത് മുംബയുടെ നായകസ്ഥാനത്തേക്കുള്ള രോഹിത്തിന്റെ രണ്ടാം വരവാണ്. 2013 മുതൽ 2023 സീസൺ വരെ ദീർഘമായ പത്ത് കൊല്ലം മുംബയുടെ നായകൻ രോഹിത്ത് ആയിരുന്നു. 2013,2015,2017, 2019, 2020 സീസണുകളിൽ മുംബയെ കിരീടജയത്തിലേക്ക് നയിച്ചു രോഹിത്ത്. 2024ൽ ഹാർദ്ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും മുംബയിലെത്തിയതോടെയാണ് രോഹിത്തിനെ നായകസ്ഥാനത്ത് നിന്നും മാറ്റിയത്.
എന്നാൽ മുംബയ്ക്ക് ഹാർദ്ദിക്കിന്റെ ക്യാപ്റ്റൻസിയിൽ ഒട്ടും തിളങ്ങാനാകാതെ വന്നതോടെ ഇത്തവണ താരത്തെ പഞ്ചാബ് കിംഗ്സിലേക്ക് പ്ളെയർ സ്വാപ് ഡീൽ വഴി കൈമാറിയിരുന്നു. പകരം പഞ്ചാബിലെ അർഷദീപ് സിംഗ് മുംബയിലെത്തി.
ഐപിഎല്ലിൽ 281 മത്സരങ്ങളിൽ 7329 റൺസ് നേടിയിട്ടുണ്ട് രോഹിത്ത് ശർമ്മ. ഇതിൽ രണ്ട് സെഞ്ച്വറികളും 49 അർദ്ധ സെഞ്ച്വറികളുമുണ്ട്. ഐപിഎൽ ചരിത്രത്തിന് താരത്തിന് മുന്നിൽ ഇത്ര വലിയ റെക്കോഡ് വിരാട് കൊഹ്ലിക്ക് മാത്രമേയുള്ളൂ. 283 മത്സരങ്ങളിലായി 9336 റൺസാണ് കൊഹ്ലി അടിച്ചുകൂട്ടിയത്. ഇതിൽ ഒൻപത് സെഞ്ച്വറികളും 68 അർദ്ധ സെഞ്ച്വറികളുമുണ്ട്.
മുംബയ് ഇന്ത്യൻസ് മുൻതാരം കീറൻ പൊള്ളാർഡിനെ മുഖ്യ ഉപദേശകനായി നിയമിച്ചിരുന്നു. ഇതിന് പുറമേയാണ് ആരാധകരെ ആവേശത്തിലാക്കി രോഹിത്തിന്റെ ക്യാപ്റ്റൻസിയിലേക്കുള്ള മടങ്ങിവരവ്.