ന്യൂഡൽഹി : മണ്ഡല പുനർനിർണയ ബിൽ തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഡി.എം.കെ നേതാക്കൾ. കനിമൊഴി, ടി.ആർ. ബാലു, എ.രാജ, ദയാനിധി മാരൻ എന്നിവരുൾപ്പെടെയുള്ള സംഘമാണ് അമിത് ഷായെ കണ്ടത്. ബില്ലിന് പിന്തുണ അറിയിക്കാനാണ് എത്തിയതെന്ന് കനിമൊഴി പ്രതികരിച്ചു. ബില്ല് ഇപ്പോൾ പാസായില്ലെങ്കിൽ തമിഴ്‌നാടിന് തിരിച്ചടിയാകുമെന്നും അവർ പറഞ്ഞു. വൈ.എസ്.ആർ കോൺഗ്രസ് എം.പി വൈ.വി. സുബ്ബറെഡ്ഡിയും ഡി.എം.കെ സംഘത്തിനൊപ്പമുണ്ടായിരുന്നു.
മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡി.എം.കെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാടിന്റെ താത്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. 7.18 ശതമാനം സീറ്റിന്റെ അനുപാതം നിലനിറുത്തണമെന്നും മണ്ഡല പുനർനിർണയം ന്യായമായി വേണമെന്ന ആവശ്യവും ഡി.എം.കെ മുന്നോട്ടുവച്ചു. 50 ശതമാനം സീറ്റ് വർദ്ധിക്കുമ്പോൾ 7.21 ശതമാനം വർദ്ധനവുണ്ടാകുമെന്നും ഡി.എം.കെ വ്യക്തമാക്കി.