നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് മോഷ്‌ടിച്ചതായി ജെൻ സി വിശ്വസിക്കുന്നെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: 850 എന്ന അക്കം ഓർത്തിരിക്കണമെന്ന് രാജ്യത്തെ ജെൻ സിയോട് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. മണ്ഡല പുനർനിർണയ ബില്ലിനെയും ലോക്‌സഭയിൽ സീറ്റുകളിൽ വരുത്താനുദ്ദേശിക്കുന്ന മാറ്റമായ 850നെയും വിമർശിച്ചാണ് രാഹുൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

'പ്രിയപ്പെട്ട ജെൻ സി, ദയവായി ഈ അക്കം ഓർത്തുവയ്‌ക്കുക, 850. ഇന്ത്യൻ ജനാധിപത്യത്തിന്റെ കൊലപാതകത്തെയാണ് ഈ സംഖ്യകൊണ്ട് സൂചിപ്പിക്കുന്നത്. നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് കുമാർ എന്നിവർക്ക് ഇന്ത്യയിലെ മണ്ഡലങ്ങളുടെ ഭൂപടം തങ്ങൾക്ക് തോന്നുംപോലെ പുനർരൂപകൽപന ചെയ്യുന്നതിന് പൂർണമായ സ്വാതന്ത്ര്യം നൽകുന്നതാണ് ഇതിന്റെ ലക്ഷ്യം.'-ന്യൂ‌ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ രാഹുൽഗാന്ധി ആരോപിച്ചു.

ഇന്ത്യൻ ഭൂപടത്തിനും ഇതുതന്നെയാണ് സംഭവിക്കാൻ പോകുന്നതെന്നും അതുവഴി ഈ കള്ളന്മാർക്ക് രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിക്കാമെന്നും നിങ്ങളുടെ ഭാവി തകർക്കാമെന്നും യുവാക്കളോട് രാഹുൽഗാന്ധി പറഞ്ഞു. വോട്ട് കൊള്ള ആരോപണത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയെന്നും രാഹുൽ അവകാശപ്പെട്ടു. മോദിയെയും അമിത് ഷായെയും ഗ്യാനേഷ് കുമാറിനെയും തങ്ങൾ വെട്ടിലാക്കിയെന്ന് രാഹുൽ പറഞ്ഞു. ഇക്കാര്യം അവർക്കും തങ്ങൾക്കും അറിയാമെന്നും രാഹുൽ പറഞ്ഞു.

തങ്ങൾ നടത്തിയ സർ‌വെയനുസരിച്ച് രാജ്യത്ത് 18 മുതൽ 29 വരെ പ്രായമുള്ള ജെൻ സി വിഭാഗം 80 ശതമാനമുണ്ടെന്ന് തെളിഞ്ഞു. ഇവരെല്ലാം മോദി, അമിത് ഷാ, ഗ്യാനേഷ് കുമാർ എന്നിവർ ഇലക്ഷനിൽ അഴിമതി നടത്തുമെന്ന് വിശ്വസിക്കുന്നു, ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിയായ മണ്ഡല പുനർനിർണയവുമായി കേന്ദ്രം രംഗത്തെത്തിയതെന്ന് രാഹുൽ പറഞ്ഞു. വനിതാ സംവരണ ബിൽ പാസായെന്നും അത് നാളെമുതൽ തന്നെ നടപ്പിലാക്കാമെന്നും പിന്നെയും 850 എന്ന സംഖ്യയുടെ കാര്യമെന്താണെന്നും രാഹുൽ ചോദിച്ചു. അതിനുത്തരം അസമിലും കാശ്‌മീരിലുമാണെന്നും 850 സീറ്റുകൾ കൈയിലുള്ളപ്പോൾ രാജ്യത്തിന്റെ രൂപത്തിൽ വരുത്താവുന്ന മാറ്റവും പുനർരൂപകൽപനയും വളരെ വലുതാണെന്നും രാഹുൽ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *