മലപ്പുറം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുടെ മുഴുവൻ ചെലവും വഹിച്ചത് ആസ്റ്റർ മിംസ് അക്കാദമിയാണെന്ന് വ്യക്തമാക്കി സ്ഥാപനം രംഗത്ത്. വാഴക്കാട്ടെ ആസ്റ്റർ മിംസ് നഴ്സിംഗ് അക്കാദമിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ യാത്രയെച്ചൊല്ലി ചർച്ചകൾ ഉയർന്നതോടെയാണ് അക്കാദമി ഡീൻ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ വിശദീകരണം നൽകിയത്.
നവംബർ 27-ന് രാവിലെ കൊച്ചിയിൽ രാഷ്ട്രപതിയുടെ സന്ദർശന പരിപാടിയിൽ മുഖ്യമന്ത്രിക്ക് പങ്കെടുക്കേണ്ടിയിരുന്നു. അവിടെനിന്ന് റോഡ് മാർഗം യാത്ര ചെയ്താൽ വാഴക്കാട്ടെ ഉദ്ഘാടനച്ചടങ്ങിൽ കൃത്യസമയത്ത് എത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് രണ്ടുദിവസം മുമ്പ് തന്നെ സംഘാടകരെ അറിയിച്ചിരുന്നു. ചടങ്ങിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന താൽപ്പര്യത്തിലാണ് സ്ഥാപനം സ്വന്തം ചെലവിൽ ഹെലികോപ്റ്റർ സൗകര്യം ഒരുക്കിയതെന്ന് ഡീൻ വ്യക്തമാക്കി.
ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി വാഴക്കാട്ടേക്ക് യാത്ര ചെയ്തത്. യാത്രയുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകളും സ്ഥാപനം നേരിട്ടാണ് വഹിച്ചതെന്നും ഇതു വ്യക്തമാക്കുന്ന കത്തിന്റെ പകർപ്പ് അക്കാദമി അധികൃതർ പുറത്തുവിട്ടിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വീണ്ടും ചർച്ചയായതോടെയാണ് അക്കാദമിയുടെ വിശദീകരണം പുറത്തുവന്നത്. മാസങ്ങൾക്ക് മുമ്പ് നിലമ്പൂരിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തതും വിവാദമായിരുന്നു. ഈ യാത്രയുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും ലോകായുക്തയുടെ പരിഗണനയിലാണ്.