ഫുട്ബോള്‍ ലോകകപ്പിന് നാളെ കിക്ക് ഓഫ്. 48 ടീമുകള്‍, 12 ഗ്രൂപ്പുകള്‍ അടങ്ങുന്ന വിശ്വ കായിക മാമാങ്കത്തിനു നാളെ പന്തുരുളുമ്പോള്‍ കിരീടപ്രതീക്ഷയിലാണ് മുന്‍നിര ടീമുകള്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്സിക്കോ – ദക്ഷിണാഫ്രിക്കയെ നേരിടും. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ കിരീട പ്രതീക്ഷയിലാണ് പ്രധാന ടീമുകള്‍.
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ലോകകിരീടം നിലനിര്‍ത്താമെന്ന മോഹവുമായാണ് ഇത്തവണ ഇറങ്ങുന്നത്. ലയണല്‍ മെസ്സിയുടെ സാന്നിധ്യവും ടീമിന്റെ ഒത്തിണക്കവും തന്നെയാണ് സ്കലോണിയുടെയും സംഘത്തിന്റെയും പ്രധാന കരുത്ത്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ രണ്ടര പതിറ്റാണ്ടിന്റെ കിരീട വരള്‍ച്ചയ്ക്ക് അന്ത്യം കുറിക്കാന്‍ ഉറച്ചാണ് ലോകക്കപ്പിന് എത്തുന്നത്.
കാര്‍ലോ ആഞ്ചലോട്ടിയെന്ന യൂറോപ്യന്‍ പരിശീലകനും വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ തുടങ്ങിയ പ്രധാന താരങ്ങളുടെ പ്രതിഭയിലുമാണ് കാനറികളുടെ പ്രതീക്ഷ. സുല്‍ത്താന്‍ നെയ്മാര്‍ തന്നെയാണ് ബ്രസീലിന്റെ ട്രം കാര്‍ഡ്. കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ എത്തുന്ന ഫ്രാന്‍സ് ഇത്തവണ എന്തിനും പോന്ന സംഘമാണ്. എംബാപ്പെ, ഡിമ്പലെ, മൈക്കല്‍ ഓലീസെ എന്നിവര്‍ നയിക്കുന്ന മുന്നേറ്റ നിര എതിര് ഗോള്‍മുഖത്തു അപകടം വിതയ്ക്കുമെന്ന് ഉറപ്പാണ്.
നിലവിലെ യൂറോ ചാമ്പ്യന്മാരായ സ്പെയിന് യുവനിരയുടെ കരുത്തുമായാണ് എത്തുന്നത്. ലാമിന് യമാല്‍, നിക്കോ വില്യംസ്, റോഡ്രി, പെഡ്രി എന്നിവരടങ്ങുന്ന സംഘം എതിരാളികള്‍ക്ക് ഭീഷണിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ടീമുമായി എത്തുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ആദ്യ കിരീടംമെന്ന സ്വപ്നവുമായാണ് ഇറങ്ങുന്നത്. കൂടാതെ പഴയ പ്രതാപമില്ലെങ്കിലും ആരെയും വീഴ്ത്താന്‍ ശേഷിയുള്ള ജര്‍മനി,സൂപ്പര്‍ താരം ഹാരി കൈന് നയിക്കുന്ന ഇം?ഗ്ലണ്ട്, ഏത് കൊലകൊമ്പനെയും അട്ടിമറിക്കാന്‍ ത്രാണിയുള്ള നെതര്‍ലന്‍ഡ് എന്നീ ടീമുകളും കിരീട പ്രതീക്ഷയില്‍ മുന്‍പന്തിയിലാണ്.