വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നല്‍കും

വയനാട് തിരുനെല്ലി കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട തോട്ടം തൊഴിലാളി രാജുവിന്റെ കുടുംബത്തിന് പതിനാല് ലക്ഷം ധനസഹായം നല്‍കും. അടിയന്തരമായി ഇന്ന് തന്നെ 5 ലക്ഷം രൂപ കൈമാറുമെന്ന് മാനന്തവാടി എംഎല്‍എ ഉഷ വിജയന്‍ പ്രതികരിച്ചു. ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനുള്ള ശിപാര്‍ശ സര്‍ക്കാരിന് നല്‍കും. നടന്ന സംഭവം സങ്കടകരം എന്ന് മാനന്തവാടി എംഎല്‍എ.സംഭവത്തില്‍ വയനാട് മാനന്തവാടിയില്‍ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും എത്തി. സ്ഥലം എംഎല്‍എ ഉഷാ വിജയനും സബ് കളക്ടറും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധത്തില്‍ നിന്ന് നാട്ടുകാര്‍ പിന്മാറിയത്. ഇന്ന് രാവിലെയാണ്, വയനാട് കാട്ടിക്കുളത്തിന് സമീപത്ത് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാജുവിന്റെ അന്ത്യം.ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കാട്ടിക്കുളം വെള്ളാഞ്ചേരി ഭാഗത്ത് ഒറ്റയാന്‍ ഇറങ്ങിയത്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആനയെ തുരത്തുന്നതിനിടയില്‍ ആനയുടെ മുന്നില്‍ പെട്ട തോട്ടം തൊഴിലാളി രാജുവിന് പരുക്കേറ്റത്. മണിക്കൂറുകള്‍ക്കുശേഷം ആനയെ വനവകുപ്പും നാട്ടുകാരും ചേര്‍ന്ന് കാടുകയറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *