ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കെട്ടിട നിര്‍മാണ നിയമത്തില്‍ ഭേദഗതി പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. പുതിയതായി നിര്‍മിക്കുന്നതോ പുതുക്കി പണിയുന്നതോ ആയ കെട്ടിടങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന നിര്‍ദേശിച്ചുള്ളതാണ് പുതിയ ഭേദഗതി. ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റി, കോഓപ്പറേറ്റീവ് ഹൗസിങ് പ്രൊജക്ട് എന്നിവയ്ക്കും ഈ നിര്‍ദേശം ബാധകമാണ്.
നിയമം നിര്‍ദേശിക്കുന്നത് അനുസരിച്ച് ഒരു ഹൗസിങ് പ്രൊജക്ടുകളിലെ അഞ്ച് പാര്‍ക്കിങ് സ്ലോട്ടുകള്‍ക്ക് ഒരു ഇലക്ട്രിക് വാഹന ചാര്‍ജിങ് പോയന്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് പുറമെ, മാളുകള്‍, ഹോട്ടലുകള്‍, ഓഫീസുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളില്‍ പത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള മേഖലകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം ഉറപ്പാക്കണമെന്നും ഭേദഗതിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഈ കെട്ടിടങ്ങള്‍ക്ക് ഓരോ മൂന്ന് പാര്‍ക്കിങ് സ്ലോട്ടുകള്‍ക്കും ഒരു ഇവി ചാര്‍ജിങ് സംവിധാനം എന്ന നിലയില്‍ നല്‍കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ഇതിനുപുറമെ, ഭാവിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലും ഇലക്ട്രിക് വാഹന പാര്‍ക്കിങ്ങിനുള്ള സംവിധാനങ്ങള്‍ നല്‍കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കണമെന്നും നിയമത്തില്‍ പറയുന്നു. കരട് നിര്‍ദേശം പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സംവിധാനങ്ങള്‍ ഒരുക്കുന്നത് ഫ്ളോര്‍ ഏരിയ റേഷിയോ കാല്‍ക്കുലേഷനെ ബാധിക്കില്ലെന്ന് ഹരിയാന ടൗണ്‍ ആന്‍ഡ് കണ്ട്രി പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്റ് ജൂണ്‍ അഞ്ചിന് പുറത്തിറക്കിയ നിര്‍ദേശത്തില്‍ ഉറപ്പുനല്‍കിയിരുന്നു. അതുകൊണ്ടുതന്നെ കെട്ടിട നിര്‍മാണ ചെലവുകളില്‍ ഈ നിര്‍ദേശം മൂലം അധിക ബാധ്യതയുണ്ടാവില്ലെന്നുമാണ് വ്യക്തമാക്കിയിരുന്നത്.
ഇലക്ട്രിക്കല്‍ ആന്‍ഡ് ഫയര്‍ സേഫ്റ്റി നിയമങ്ങള്‍ കൃത്യമായി പാലിച്ചുള്ള കെട്ടിടങ്ങള്‍ക്ക് ബേസ്മെന്റിലും സ്റ്റില്‍റ്റ് പാര്‍ക്കിങ് ഏരിയകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് പോയന്റുകള്‍ അനുവദിക്കാമെന്നും നിയമം ഉറപ്പുനല്‍കുന്നുണ്ട്. കെട്ടിടത്തിന്റെ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ തന്നെ ബില്‍ഡര്‍മാര്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സംവിധാനങ്ങളുടെ കുറിച്ച് വെളിപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.