അരലക്ഷത്തോളം ശമ്പളം; 40 വയസ് കഴിയാത്തവർക്ക് മിൽമയിൽ ജോലി നേടാൻ സുവർണാവസരം

മിൽമയിൽ മാർക്കറ്റിംഗ് ഓഫീസർ തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ തൊഴിലവസരം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലായ് എട്ടിന് തിരുവനന്തപുരം പട്ടത്തുള്ള മിൽമ ഹെഡ് ഓഫീസിൽ നടക്കുന്ന വാക്ക് -ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ആകെ എട്ട് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 43,500 രൂപ ശമ്പളമായി ലഭിക്കും.

ഉദ്യോഗാർത്ഥികളുടെ പ്രായം 40ൽ കവിയാൻ പാടില്ല. എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്കും മുൻ സൈനികർക്കും മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. ഫുഡ് ടെക്‌നോളജി/ഡയറി സയൻസ് ആന്റ് ടെക്‌നോളജി/ ഡയറി ടെക്‌നോളജിയിൽ ബി.ടെക് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവും പ്രമുഖ സ്ഥാപനങ്ങളിൽ ഡയറി/ഫുഡ് ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാർക്കറ്റിംഗ് സ്‌പെഷ്യലൈസേഷനോടെയുള്ള ഫുൾ സ്‌ട്രീം എംബിഎയും ഉള്ളവർക്കും അവസരമുണ്ട്. ബിരുദം കേരളത്തിലെ സർവകലാശാലകൾ അല്ലെങ്കിൽ കെപിഎസ്‌സി/യുപിഎസ്‌സി/യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നുള്ളതായിരിക്കണം.

താൽപ്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലായ് എട്ടിന് രാവിലെ 10.30നും ഉച്ചയ്‌ക്ക് 12.30നും മദ്ധ്യേ പട്ടം ക്ഷീരഭവനിൽ നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്കായി മിൽമയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ 0471-2447109 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *