അപകടത്തിൽ ട്രക്ക് മറിഞ്ഞു; റോഡിൽ ചിതറിയ മാമ്പഴം കൈക്കലാക്കാൻ വഴിയാത്രക്കാരുടെ തിക്കും തിരക്കും

അപകടത്തിൽപ്പെടുന്നവരെ സഹായിക്കാതെ ചുറ്റുംകൂടി നിൽക്കുന്നവർ ദൃശ്യങ്ങൾ പകർത്തുന്ന സംഭവങ്ങൾ ധാരാളം ഉണ്ടാകാറുണ്ട്. എന്നാൽ, അപകടത്തിൽപ്പെട്ടയാളെ കൂടുതൽ അപകടത്തിലാക്കുന്ന ഒരു കൂട്ടം ആളുകളുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടുന്നത്.

അപകടത്തിൽപ്പെട്ട് മറിഞ്ഞ ട്രക്കിൽനിന്നും റോഡിലേക്ക് ചിതറിയ മാങ്ങകൾ വാരിക്കൂട്ടാൻ ആളുകൾ തിക്കും തിരക്കും കൂട്ടുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കപ്പെടുന്നത്. സഹാനുഭൂതി, മനുഷ്യത്വം തുടങ്ങിയവയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓൺലൈൻ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് സംഭവം.

ബാഗുകളിലും ചാക്കുകളും മാത്രമല്ല സാരിത്തുമ്പിലും ചുരിദാറിന്റെ ദുപ്പട്ടയിലും ഉൾപ്പടെ മാമ്പഴങ്ങൾ വാരിക്കൂട്ടുന്ന നാട്ടുകാരെയും വഴിയാത്രക്കാരെയും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന്റെ സ്ഥലമോ തീയതിയോ വ്യക്തമല്ലെങ്കിലും ട്രക്കിന്റെ നമ്പർ പ്ലേറ്റിന്റെ അടിസ്ഥാനത്തിൽ കർണാടകയിൽ എവിടെയോ നടന്ന സംഭവമാണിതെന്നാണ് കരുതുന്നത്. അപകടത്തിൽപ്പെട്ട ട്രക്കിന്റെ ഡ്രൈവറുടെ അവസ്ഥയെക്കുറിച്ച് വീഡിയോയിൽ വ്യക്തമാക്കിയിട്ടില്ല.

സംസ്‌കാരശൂന്യർ, മനുഷ്യത്വം മരിച്ചവർ തുടങ്ങിയ പ്രയോഗങ്ങളിലൂടെയാണ് മാമ്പഴം വാരിക്കൂട്ടിയവരെ സോഷ്യൽമീഡിയ വിമർശിക്കുന്നത്. മരണാവസ്ഥയിൽ കിടക്കുന്നവരെ സഹായിക്കാൻപോലും മനസുകാണിക്കാത്തവരാണ്, അത്തരത്തിലുള്ളവർ അപകടസമയത്ത് സാധനങ്ങൾ മോഷ്‌ടിക്കാതിരിക്കാനുള്ള പ്രാഥമിക മര്യാദ കാണിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നാണ് സോഷ്യൽമീഡിയാ ഉപയോക്താക്കളിൽ ഒരാൾ കുറിച്ചത്.

‘എന്റെ അച്ഛന് ഒരു ട്രക്ക് ഉണ്ടായിരുന്നു. ഒരിക്കൽ, ഉള്ളി നിറച്ചുവന്ന ആ ട്രക്ക് വഴിയിൽ മറിഞ്ഞു. അന്ന് ക്ഷാമം കാരണം ഉള്ളിക്ക് കിലോയ്‌ക്ക് 80 രൂപയിൽ അധികം വിലയുണ്ടായിരുന്നു. അപ്പോഴും ഇതുപോലെതന്നെ ഉള്ളി മുഴുവൻ ആളുകൾ കൊള്ളയടിച്ചു. ഞങ്ങൾക്ക് ഏകദേശം 35 ലക്ഷം രൂപയുടെ നഷ്‌ടമാണ് ഉണ്ടായത്. അത്രയും വലിയ നഷ്‌ടം സഹിക്കേണ്ടിവരുന്ന ഉടമയ്‌ക്ക് മാത്രമേ ആ വേദന മനസിലാകൂ’- മറ്റൊരാൾ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *