എം.എൻ കാരശ്ശേരിയുടെ വീട്ടിൽ മന്ത്രിയുടെ സൗഹൃദസന്ദർശനം

മുക്കം: വിദ്യാർത്ഥികൾക്ക് കൃഷിപാഠം പകർന്നു നൽകാനും കാർഷികരംഗത്തുള്ളവരെ സഹായിക്കുന്നതിനും പാഠ്യ പദ്ധതിയിൽ അവസരമൊരുക്കുമെന്ന് കൃഷിമന്ത്രി ടി സിദ്ദീഖ്. ഇതുവഴി പുതിയ ഒരു കാർഷിക സംസ്കാരം രൂപപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഴുത്തുകാരനും ഭാഷാ പണ്ഡിതനും സാംസ്കാരിക പ്രവർത്തകനുമായ എം.എൻ കാരശ്ശേരിയുടെ വീട്ടിൽ സ്വകാര്യസന്ദർശനം നടത്തവേ നടന്ന സൗഹൃദ ചർച്ചയിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കൃഷിമന്ത്രി കാരശ്ശേരിയുടെ വീട്ടിൽ സന്ദർശനം നടത്തിയത്. ഏകദേശം ഒരു മണിക്കൂറോളം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ച മന്ത്രി കാർഷിക മേഖലയ്ക്കൊപ്പം രാഷ്ട്രീയ സാംസ്കാരിക പൊതുവിഷയങ്ങൾ വരെ കൂടിക്കാഴ്ചയിൽ സംസാരിച്ചു.

ദീർഘനാളായുള്ള സൗഹൃദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. ഇതിനിടെ തന്റെ വീടിന്റെ ഒരു ഭാഗം കൃഷിക്കായി ഉപയോഗിക്കാനുള്ള സന്നദ്ധത കാരശ്ശേരി മന്ത്രിയെ അറിയിച്ചു. പരസ്പരം സ്നേഹോപദേശങ്ങളും ആശംസകളും കൈമാറിയാണ് ഇരുവരും സൗഹൃദം പുതുക്കിയത്. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി അഷ്റഫ്, ജുനൈദ് പാണ്ടികശാല, കെ.സി അഷ്റഫ് എന്നിവർ മന്ത്രിയെ അനുഗമിച്ചു

Leave a Reply

Your email address will not be published. Required fields are marked *