വയനാട്ടിൽ അതിവേഗ ട്രെയിനോടിക്കാൻ പദ്ധതിയുമായി ഇ ശ്രീധരൻ, 35 മിനിട്ടിൽ കോഴിക്കോട് ഓടിയെത്തും

സുൽത്താൻ ബത്തേരി: വയനാടൻ മലമടക്കുകളിൽ ട്രെയിനിന്റെ ചൂളംവിളി ഉയരുമോ? സംസ്ഥാനത്ത് എല്ലായിടത്തും ഹൈസ്പീഡ് റെയിൽവേ എന്ന സ്വപ്നപദ്ധതി നടപ്പിലാക്കാനുള്ള മെട്രോമാൻ ഇ.ശ്രീധരന്റെ പദ്ധതിയാണ് വയനാടിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നത്. ആദ്യ അവസരം തന്നെ വയനാടിന് നൽകിക്കൊണ്ട് പദ്ധതി നടപ്പാക്കണമെന്ന് ഇതിനകം തന്നെ നീലഗിരി വയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്ഷൻ കമ്മറ്റിയും വയനാട് ചേമ്പർ ഓഫ് കോമേഴ്സും ആവശ്യം ഉന്നയിച്ച് കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ.ശ്രീധരൻ ഏഴാം തിയതി സുൽത്താൻ ബത്തേരിയിലെത്തും.

കോഴിക്കോട് നിന്ന് തുടങ്ങുന്ന ഹൈസ്പീഡ് റെയിൽവേ സുൽത്താൻ ബത്തേരിയിലാണ് അവസാനിക്കുക. കൊടുവള്ളി, അടിവാരം, കൽപ്പറ്റ ,സുൽത്താൻ ബത്തേരി എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. 35 മിനിറ്റ് കൊണ്ട് ട്രെയിൻ ഓടിയെത്തും. ചുരം ഭാഗത്ത് ടണൽ വഴിയും മറ്റ് സ്ഥലങ്ങളിൽ ഇതിനായി സ്ഥാപിക്കുന്ന ഫില്ലറിന്റെ മുകളിലൂടെയുമാണ് സഞ്ചരിക്കുക. ഹൈസ്പീഡ് ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടെ കർണാടകയിലെ മൈസൂരുമായും തമിഴ്നാടുമായും ലിങ്ക് ചെയ്യാൻ കഴിയും. നിർദ്ദിഷ്ട നിലമ്പൂർ നഞ്ചൻകോട് റെയിൽവേയുമായി ബന്ധിപ്പിക്കാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *