വാഹനങ്ങൾ എന്നത് കേവലം യാത്ര ഉപാധിയായി മാത്രമല്ല വൈകാരികമായ ബന്ധം കാത്തുസൂക്ഷിക്കുന്ന നിരവധി ആളുകളുണ്ട്. വാഹനങ്ങൾ പരിപാലിക്കുന്ന രീതിയിൽ നിന്ന് ആ വാഹനവുമായി അതിന്റെ ഉടമയ്ക്കുള്ള ബന്ധം വായിച്ചെടുക്കാൻ സാധിക്കും. ഇത്തരത്തിൽ വളരെ വൈകാരികമായി ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വാഹനം മുങ്ങിപ്പോകാതെയും ഒഴുക്കിൽപ്പെടാതെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയുടെ ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്. എവിടെയാണ് ഈ സംഭവമുണ്ടായതെന്ന് വ്യക്തമല്ല. വെള്ളത്തിൽ പൂർണമായും മുങ്ങിക്കിടക്കുന്ന വാഹനമാണ് ദൃശ്യങ്ങളിലുള്ളത്. കഴുത്തിനൊപ്പം വെള്ളത്തിൽ വാഹനത്തിന്റെ പിന്നിലെ ഡോർ ഹാൻഡിലിൽ പിടിച്ച് നിൽക്കുന്ന ഉടമയെയാണ് കാണാനാകുക.