വെമ്പായം ബാർ ആക്രമണം; പ്രതി അനീഷ് കന്നാസിൽ പെട്രോളുമായെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി അനീഷ് പെട്രോൾ വാങ്ങി വരുന്നതും അക്രമം നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കന്നാസിൽ പെട്രോളുമായി ബാറിന്റെ ഡോർ തുറന്നെത്തുന്ന അനീഷ് അമിത മദ്യലഹരിയിൽ പലതവണ തെന്നിവീഴുന്നുണ്ട്. ഈ സമയത്ത് ഇയാളുടെ ശരീരത്തിൽ പെട്രോൾ വീണിട്ടുണ്ട്. മറ്റുള്ളവരുടെ ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ച് തീയിട്ടപ്പോൾ അനീഷിന്റെ ശരീരത്തിലേക്കും തീപടരാൻ കാരണമിതാണ്.

ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് എന്നയാൾ മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി പെട്രോൾ വാങ്ങിവന്ന് തീകൊളുത്തുകയായിരുന്നു. അനീഷ് ഇറങ്ങി ഓടിയപ്പോൾ ശരീരം തീഗോളമായി മാറിയിരുന്നുവെന്നാണ് സംഭവം കണ്ടുനിന്ന സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ അനീഷ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. പൊള്ളലേറ്റ മറ്റ് ആറുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പൊള്ളലേറ്റതിൽ പലർക്കും ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ അക്രമത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. ഇന്നലെ മജിസ്‌ട്രേറ്റ് നേരിട്ടെത്തി പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച വെഞ്ഞാറമൂട് പൊലീസ് അനീഷിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *