റാഞ്ചി: വിശ്വാസത്തിൻ്റെ ഭാഗമായി നടത്തിയ രഥയാത്രയ്ക്കിടെ രഥം വൈദ്യുതക്കമ്പിയില്‍ തട്ടി രണ്ട് വിദ്യാര്‍ഥികള്‍ ഷോക്കേറ്റ് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. രഥയാത്രയ്ക്കിടെ 11,000 വോള്‍ട്ട് ലൈനിലുള്ള വൈദ്യുതക്കമ്പിയില്‍ രഥം തട്ടിയതിന് പിന്നാലെ ഷോക്കേറ്റ് വിദ്യാര്‍ഥികള്‍ തെറിച്ചു വീഴുകയായിരുന്നു. ഈ സമയം, പത്തോളം കുട്ടികള്‍ രഥത്തിനൊപ്പം കളിക്കുകയും ചിലര്‍ രഥത്തില്‍ കയറുകയും ചെയ്തിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ സദര്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്. എന്നാല്‍ രണ്ടുപേര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു. പരിക്കേറ്റ മറ്റു കുട്ടികള്‍ തോര്‍പ്പയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട രഥം തോര്‍പ്പയിലെ മൗസി ബാരിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
രഥയാത്രയ്ക്കിടെ രഥം വൈദ്യുതക്കമ്പിയില്‍ തട്ടി: ഷോക്കേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്