കൊല്ലം: സാധാരണക്കാരന്റെ അടുക്കള ബഡ്ജറ്റ് താളംതെറ്റിച്ച് മുട്ടവിലയും കുതിക്കുന്നു. പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പടെ ഒഴിച്ചുകൂടാനാവാത്ത മുട്ടയുടെ മൊത്തവ്യാപാര വിലയിലുണ്ടായ വര്‍ദ്ധനവ് ചില്ലറ വിപണിയിലെത്തിയപ്പോള്‍ സാധാരണക്കാരന് താങ്ങാനാകുന്നില്ല.
താറാവ് മുട്ടയ്ക്കാണ് റെക്കാര്‍ഡ് വില വര്‍ദ്ധന. കഴിഞ്ഞ ചൊവ്വാഴ്ചയിലെ കണക്കനുസരിച്ച് താറാവ് മുട്ടയുടെ മൊത്ത വില 15 രൂപയാണ്. എന്നാല്‍ ചെറുകിട കച്ചവടക്കാര്‍ 16 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാരാകട്ടെ ഒന്നര രൂപയോളം അധികം ഈടാക്കി 16.50 രൂപയ്ക്കാണ് വില്‍ക്കുന്നത്. കഴിഞ്ഞ മാസം ആദ്യം 13 രൂപയായിരുന്ന താറാവ് മുട്ടയ്ക്കാണ് ഈ വന്‍ വിലക്കയറ്റം.നാടന്‍ കോഴിമുട്ടയുടെയും വെള്ളക്കോഴി (ബ്രോയിലര്‍) മുട്ടയുടെയും റീട്ടെയില്‍ വിലയിലും സമാനമായ വര്‍ദ്ധനവുണ്ട്. മൊത്ത വിലയേക്കാള്‍ 50 പൈസയോളം കൂട്ടിയാണ് ചില്ലറ വിപണിയില്‍ വിറ്റഴിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച നാടന്‍ കോഴിമുട്ടയുടെ മൊത്ത വില 8.50 രൂപയായിരുന്നെങ്കില്‍ സാധാരണക്കാരിലേയ്ക്ക് എത്തുമ്പോള്‍ 9 രൂപയാകും.
തമിഴ്‌നാട്ടില്‍ ഉത്പാദനം കുറഞ്ഞു
കടുത്ത ചൂടില്‍ നാമക്കലിലെ ഫാമുകളില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് മുട്ട ഉത്പാദനത്തെ ബാധിച്ചു
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് കയറ്റുമതി തടസപ്പെട്ടപ്പോള്‍ കര്‍ഷകര്‍ കോഴികളെ വിറ്റഴിച്ചതും മുട്ടലഭ്യത കുറച്ചു
സോയാബീന്‍, ചോളം എന്നിവയുടെ വില ഉയര്‍ന്നതോടെ 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2300 വരെയായി വില
തമിഴ്നാട്ടിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് ആഴ്ചയില്‍ അഞ്ച് ദിവസവും വലിയ തോതില്‍ മുട്ട സംഭരിക്കുന്നത് കേരളത്തിലേക്കുള്ള വരവ് കുറച്ചു
ട്രോളിംഗ് നിരോധനം കാരണം മീന്‍ ലഭ്യത കുറഞ്ഞതോടെ ആവശ്യക്കാരേറി
കേരളത്തിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി ആഴ്ചയില്‍ 75 ലക്ഷത്തോളം മുട്ടകള്‍ വേണ്ടിവന്നതും ഡിമാന്‍ഡ് കൂട്ടി