പത്തനംതിട്ട : ജില്ലയില്‍ എലിപ്പനിയുള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്നു. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളും പിടിമുറുക്കുന്നു. കാലവര്‍ഷം കനത്തതോടെയാണ് രോഗങ്ങള്‍ പിടിമുറുക്കിത്തുടങ്ങിയത്. വെള്ളക്കെട്ടും മാലിന്യക്കൂമ്പാരവും രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഒന്നിച്ചുതാമസിക്കുന്നിടത്തും ഒന്നിച്ചു ജോലിചെയ്യുന്നവരുടെ ഇടയിലും പനി പടരാനുള്ള സാധ്യത കൂടുതലാണ്. ഡെങ്കിപ്പനി ബാധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ചികിത്സ തേടിയത് 28 പേരാണ്. കടുത്തപനി ,സന്ധിവേദന, തലവേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ബുധനാഴ്ച ആറുപേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്. 14 പേര് ഡെങ്കിപ്പനി സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലാണ്.
ശരീരവേദന, കൈകാല്‍ കഴപ്പ്, പനി എന്നിവ എലിപ്പനി ലക്ഷണങ്ങളാണ്. എലിമൂത്രം വഴിയാണ് പ്രധാനമായും എലിപ്പനി പടരുന്നത്. ജില്ലയില്‍ ബുധനാഴ്ച രണ്ടുപേരാണ് എലിപ്പനി ബാധിച്ച് ചികിത്സയിലുള്ളത്. ഒരാളില്‍ മലേറിയ കണ്ടെത്തിയിട്ടുണ്ട്. പനി ബാധിച്ച് 480 പേര് ചികിത്സതേടി. ഇതില്‍ ആറുപേരെ കിടത്തിച്ചികിത്സയ്ക്ക് നിര്‍ദേശിച്ചു.