‌മേതിൽ രാധാകൃഷ്‌ണന് എഴുത്തച്ഛൻ പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്‌ണന്. സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്‌ക്കാണ് പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും പ്രശ‌സ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളപ്പിറവി ദിനമായ ഇന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വിഷ്‌ണുനാഥാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കെജി ശങ്കരപിള്ള അദ്ധ്യക്ഷനായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഭാഷ കൊണ്ടും ചിന്ത കൊണ്ടും മലയാളിയെ വിസ്‌മയിപ്പിച്ച പ്രതിഭയാണ് പാലക്കാട്ടുകാരനായ മേതിൽ രാധാകൃഷ്‌ണൻ. പൊൻകുന്നം വർക്കിയുടെ ആത്മകഥയായ 'എന്റെ വഴിത്തിരിവി'നെ വിമർശിച്ചുകൊണ്ട് നവയുഗം വാരികയിൽ ലേഖനമെഴുതിക്കൊണ്ടാണ് മേതിൽ മലയാള സാഹിത്യ ലോകത്തേക്ക് കടന്നുവന്നത്. പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന സമയത്താണ് ലേഖനം എഴുതിയത്. പതിനെട്ടാം വയസിലെഴുതിയ 'ഒക്‌ടോപസിന്റെ ശവം' ആണ് ആദ്യത്തെ കഥ. ഡിഗ്രി പഠനത്തിന്റെ അവസാനവർഷക്കാലത്ത് 1970ലാണ് സൂര്യവംശം എന്ന നോവലെഴുതിയത്.

പിന്നീട് 'ബ്രാ', 'ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി' എന്നീ രണ്ട് നോവലുകൾ കൂടി എഴുതി. തന്റെ പുസ്‌തകങ്ങൾ എങ്ങനെ വായിക്കണമെന്ന് വിശദീകരിക്കുന്ന ഒരു കൈപുസ്‌തകംകൂടി മേതിൽ എഴുതി. തുടർന്നുള്ള ഇരുപത് വർഷക്കാലം ഒന്നു എഴുതിയില്ല. നോർവീജിയൻ കപ്പൽ കമ്പനിയിൽ കമ്പ്യൂട്ടർ വിദ‌ഗ്‌ദ്ധനായി ജോലി ചെയ്‌തു. തൊണ്ണൂറുകളിൽ 'ഡിലൻ തോമസിന്റെ പന്തുമായി' മേതിൽ വീണ്ടും സാഹിത്യലോകത്തേക്ക് തിരിച്ചെത്തി. തന്റെ പുസ്‌തകങ്ങളുടെ പേരുകളിൽപോലും വേറിട്ടൊരു ഭംഗി നിലനിർത്താൻ മേതിലിനായി. പഴുതാരകളും മനുഷ്യരും തന്നോട് ഒരേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് പറഞ്ഞ മേതിൽ താനൊരു പരിസ്ഥിതിവാദിയാണെന്ന് പലപ്പോഴും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *