കോഴിക്കോട്: പെൺകുഞ്ഞിനെ മാതാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് മാതാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വയനാട് സ്വദേശിനിയായ യുവതിയാണ് കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീക്ക് കൈമാറിയശേഷം കടന്നുകളഞ്ഞത്.
പെൺകുഞ്ഞുമായി ഈ സ്ത്രീ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഉടൻതന്നെ കുഞ്ഞിനെ വനിത പൊലീസിന്റെ സംരക്ഷണയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആവശ്യമായ മെഡിക്കൽ പരിശോധനകൾക്ക് ശേഷം കുഞ്ഞിനെ വീണ്ടും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
കുഞ്ഞുമായി പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയെ ചോദ്യംചെയ്തുവരികയാണ്. കുഞ്ഞിന്റെ മാതാവ് മെഡിക്കൽ കോളജിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നൽകിയ പേരിനെ കുറിച്ചും മറ്റ് വിവരങ്ങളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.