കോഴിക്കോട്: കൊയിലാണ്ടിയിൽ മോഷണപരമ്പര. പൊയിൽക്കാവിലെ വീട്ടിൽനിന്ന് പന്ത്രണ്ട് പവനും ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽനിന്ന് പണവും ഫോണും മോഷണം പോയി. ഇന്നലെ രാത്രിയാണ് വിവിധ സ്ഥലങ്ങളിൽ മോഷണവും മോഷണ ശ്രമവും ഉണ്ടായത്.
പൊയിൽക്കാവിൽ കരുണാകരനെന്നയാളുടെ വീട്ടിൽനിന്നാണ് സ്വർണം നഷ്‌ടപ്പെട്ടത്. ഗ്രില്ല് കുത്തിത്തുറന്നാണ് മോഷ്‌ടാവ് അകത്തുകയറിയത്. സമാനമായ രീതിയിൽ പൂക്കാട് പനായിലും മോഷണശ്രമം നടന്നു. വീട് കുത്തിത്തുറന്നാണ് മോഷ്‌ടാവ് അകത്തുകയറാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഉണർന്നതോടെയാണ് മോഷണശ്രമം പരാജയപ്പെട്ടത്. ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരൻ, ടിക്കറ്റ് കൗണ്ടറിലെ കതകുപൂട്ടി വീട്ടിൽ പോയപ്പോഴാണ് മോഷണം നടന്നത്. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുമാണ് മോഷ്‌ടാവ് കവർന്നത്. ഇവയെല്ലാം നടത്തിയത് ഒരേ സംഘമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഫോറൻസിക് സംഘവും വിരലടയാള വിദഗ്‌ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് മോഷ്‌ടാക്കളെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് അറിയിക്കുന്നത്.