തിരുവനന്തപുരം: കേരളത്തിൽ മഴ കനക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾക്കുപുറമെ പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. ഇന്ന് എല്ലാ ജില്ലകൾക്കും റെഡ്, ഓറഞ്ച് അലർട്ടുണ്ട്.
അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യത പരിഗണിച്ചാണ് ചില ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്റർ മുതൽ കൂടുതൽ മഴ ലഭിക്കുന്നതാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഓറഞ്ച് അലർട്ട്
01/08/2026: ത്രിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
നദികളിൽ അലർട്ട്
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കമമെന്നാണ് നിർദേശം.
ഓറഞ്ച് അലർട്ട്
എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ)
കൊല്ലം: കല്ലട (പുനലൂർ സ്റ്റേഷൻ)
കോട്ടയം: മീനച്ചിൽ (പാല സ്റ്റേഷൻ), മണിമല (മണിമലസ്റ്റേഷൻ)
പത്തനംതിട്ട: പമ്പ (കുരുടമണ്ണിൽ സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ)
മഞ്ഞ അലർട്ട്
എറണാകുളം: മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷൻ)
യാതൊരു കാരണവശാലും മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും നിർദേശമുണ്ട്.