ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തി; ഡ്രൈവർക്ക് അത്ഭുത രക്ഷപെടൽ: അപകടം കോഴിക്കോട് ദേശീയപാതയിൽ

കോഴിക്കോട് ∙ പന്തീരാങ്കാവിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള സർവീസ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്‌ജിനോട് ചേർന്നായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല. പന്തീരാങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്റെ മുൻഭാഗത്തു നിന്ന് പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഷറഫുദ്ദീൻ ഉടൻ തന്നെ വാഹനം റോഡിന്റെ അരികിൽ നിർത്തി പുറത്തിറങ്ങുകയായിരുന്നു

അതിവേഗം കാറിലേക്ക് തീ ആളിപ്പടർന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും യാത്രക്കാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമായില്ല. തുടർന്ന് വിവരമറിഞ്ഞ് മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളും പന്തീരാങ്കാവ് പൊലീസും സംഭവ സ്ഥലത്ത് എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചു. തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല

Leave a Reply

Your email address will not be published. Required fields are marked *