യുവതിയെ കൊലപ്പെടുത്താൻ പെൺവേഷത്തിലെത്തി പിടിയിലായി

തൃശൂർ: ഗുരുവായൂരിൽ പെൺവേഷത്തിൽ എത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ തെളിഞ്ഞത് വൻഗൂഢാലോചന. പെൺവേഷം ധരിച്ച് യുവതിയെ കൊല്ലാനെത്തിയ അഞ്ചംഗ സംഘമാണ് പിടിയിലായത്. തൊടുപുഴ മുട്ടം സ്വദേശികളായ ചോലമറ്റത്തിൽ പ്രസാദ്,​ ഒറ്റപ്ലാക്കൽ വീട്ടിൽ ആദർശ്,​ തൈപ്പറമ്പിൽ ബിനീഷ്,​ തേങ്ങിൽ ഷാഹിദ്,​ കാരക്കുന്നേൽ സ്റ്റീഫൻ എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 16 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

 

യുവതിയുടെ മുൻകാമുകനായ പ്രസാദിനെയാണ് പെൺവേഷത്തിൽ സംശയാസ്പദമായി പൊലീസ് ആദ്യം കണ്ടെത്തിയത്. പടിഞ്ഞാറെ നടയിൽ പെൺവേഷം ധരിച്ച് നിൽക്കുകയായിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പൊലീസ് നടത്തിയ പട്രോളിംഗിനിടെയാണ് കാറിൽ കറങ്ങുകയായിരുന്ന മറ്റു നാലുപേരും പിടിയിലായത്. കാറിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു. തൃശൂരിൽ സ്പായിൽ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയായ യുവതിയെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. അഞ്ചംഗസംഘം കൃശൂുരിലെത്തിയ വിവരമറിഞ്ഞ് യുവതി ഗുരുവായൂരിലേക്ക് മാറുകയായിരുന്നു. ഇത് മനസിലാക്കിയ പ്രതികളും ഗുരുവായൂരിലെത്തി യുവതിയെ കണ്ടെത്തി ആക്രമിക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *