അയ്യായിരം കോടിയുടെ സാമ്രാജ്യത്തിൽ നിന്ന് ജയിലിന്റെ ഇരുട്ടറയിലേക്ക്: നിഷാമിന്റെ വീഴ്ച

അയ്യായിരം കോടിയുടെ ആസ്തി, 72 കോടി വിലമതിക്കുന്ന ഫെറാറിയും ലംബോർഗിനിയും ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങളുടെ നിര! ‘കിംഗ് ബീഡി’ എന്ന വൻ ബിസിനസ് സാമ്രാജ്യവും 12,000-ത്തോളം ജീവനക്കാരും. പണം കൊണ്ട് എന്തും നേടിയെടുക്കാമെന്ന അഹങ്കാരത്തിൽ, ആഗ്രഹിച്ചതെല്ലാം ആവോളം ആസ്വദിച്ചു ജീവിച്ച ആളായിരുന്നു മുഹമ്മദ് നിഷാം. എന്നാൽ, ആ പണക്കൊഴുപ്പ് തലയ്ക്കു പിടിച്ച ഒരു പാതിരാത്രി അയാളുടെ ജീവിതം തന്നെ മാറ്റിമറിച്ചു.
തൃശൂർ ശോഭാ സിറ്റിയിലെ ഫ്ലാറ്റ് ഗേറ്റിൽ, മാസത്തിന് 7000 രൂപ ശമ്പളത്തിന് കാവൽ നിന്ന ചന്ദ്രബോസ് എന്ന പാവം സെക്യൂരിറ്റിക്കാരൻ ഐഡന്റിറ്റി കാർഡ് ചോദിച്ചു എന്നതായിരുന്നു അയാൾ ചെയ്ത ഒരേയൊരു തെറ്റ്. അഹങ്കാരം മൂത്ത നിഷാം തന്റെ ആഡംബര വാഹനം കൊണ്ട് ആ പാവത്തിനെ ഇടിച്ചു തെറിപ്പിച്ചു; ഭിത്തിയിൽ ചേർത്ത് ഞെരിച്ചു. കലി തീരാതെ ക്രൂരമായി മർദ്ദിച്ച് അയാളെ കൊലപ്പെടുത്തി.
പക്ഷേ, നിയമത്തിന് മുന്നിൽ ആ കോടികൾക്കൊന്നും വിലയുണ്ടായിരുന്നില്ല. കോടതി അയാൾക്ക് ജീവപര്യന്തവും 24 വർഷത്തെ കഠിനതടവും വിധിച്ചു. കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യയും കൂടെയുണ്ടായിരുന്ന സാക്ഷിയും വലിയ സാമ്പത്തിക പ്രലോഭനങ്ങളെപ്പോലും തൃണവൽഗണിച്ച് സത്യത്തിന് ഒപ്പം ഉറച്ചുനിന്നു.
ജയിലിലെത്തിയെങ്കിലും അയാളുടെ ഹുങ്കിന് കുറവൊന്നുമുണ്ടായിരുന്നില്ല. പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്, മറ്റു തടവുകാരുടെ അക്കൗണ്ടുകൾ വഴി ദിവസവും ചിക്കനും മട്ടനും വരുത്തിച്ച് അയാൾ അവിടെയും സമാന്തര ഭരണം നടത്തി. തനിക്കെതിരെ നിൽക്കുന്നവരെ പണം കൊടുത്ത് ആക്രമിച്ചു. എന്നാൽ കാലം അയാൾക്കായി കരുതിവെച്ചത് മറ്റൊരു വിധിയായിരുന്നു.
കഴിഞ്ഞ 11 വർഷമായി അയാൾ ജയിലറയ്ക്കുള്ളിലാണ്. പ്രഗത്ഭരായ അഭിഭാഷകർ വഴിയും നാട്ടുകാരുടെ ഒപ്പുശേഖരണം വഴിയും നൽകിയ ജാമ്യാപേക്ഷകളെല്ലാം സുപ്രീം കോടതിയും ഹൈക്കോടതിയും തള്ളി.
ഇന്ന് എന്താണ് ആ കോടീശ്വരന്റെ അവസ്ഥ?
ഒരുകാലത്ത് റോഡിലിറക്കിയ 72 കോടിയുടെ കാറുകൾ ഇന്ന് പോലീസ് സ്റ്റേഷൻ വളപ്പിൽ തുരുമ്പെടുക്കുന്നു. കോടികളുടെ സ്വത്തുക്കൾ സഹോദരങ്ങൾ കൈവശപ്പെടുത്തി. കൊട്ടാരം പോലുള്ള മുറികളിൽ ഉറങ്ങിയിരുന്നയാൾക്കിന്ന് വെറും നിലത്ത് പായ വിരിച്ച് കൊതുകുകടിയേറ്റ് കിടക്കണം. ഭാര്യയെ ഒന്ന് ഫോൺ വിളിക്കാൻ പോലും പോലീസുകാരുടെ മുന്നിൽ കൈകൂപ്പി നിൽക്കണം. ബാറിൽ ലക്ഷങ്ങൾ പൊടിച്ച ആൾക്കിന്ന് ജയിലിലെ സാധാരണ ഭക്ഷണം മാത്രം.
പണം കൊണ്ട് എന്തും വിലയ്ക്കു വാങ്ങാമെന്ന അഹങ്കാരത്തിന് കാലം നൽകിയ തിരിച്ചടിയാണിത്. സകല സ്വാധീനങ്ങളും നഷ്ടപ്പെട്ട്, ആ നാല് ചുവരുകൾക്കുള്ളിൽ ഒരു നിസ്സഹായനായി അയാൾ കഴിയുന്നു. അഹങ്കാരം കൊണ്ട് കെട്ടിപ്പൊക്കുന്ന സാമ്രാജ്യങ്ങൾ ഒടുവിൽ തകർന്നടിയുമെന്നതിന് ജീവിക്കുന്ന ഉദാഹരണമായി മുഹമ്മദ് നിഷാം ഇന്ന് ആ ജയിലറയിലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *