ന്യൂഡൽഹി: അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ തീവ്രവാദ പ്രവർത്തനങ്ങൾ ഇന്ത്യയ്‌ക്ക് എന്നും ശല്യമാണ്. പുത്തൻ പോരാട്ടമുറകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഡ്രോണുകളും ആളില്ലാ വിമാനങ്ങളും ഉപയോഗിച്ച് ഇന്ത്യൻ അതിർത്തിയിൽ ഭീകര പ്രവർത്തനങ്ങൾ അവർ നടത്താറുണ്ട്. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരത്തിനായി ഇന്ത്യ നടത്തുന്ന പരീക്ഷണങ്ങളിൽ മികച്ച പുരോഗതിയുണ്ട്. ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) തയ്യാറാക്കുന്ന , ഡ്രോൺ വിരുദ്ധ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന കാൽവയ്‌പ്പായ 30kW ക്‌ളാസ് ലേസർ സംവിധാനം പരീക്ഷണ ഘട്ടത്തിലാണ്.
ഒരു മൊബൈൽ ട്രക്ക് സംവിധാനത്തിൽ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കാവുന്ന ഇത് ഡ്രോണുകളെ മാത്രമല്ല, ആളില്ലാ യുദ്ധവിമാനങ്ങൾ (യുഎവികൾ), അഞ്ച് കിലോമീറ്റർ പരിധിയിലെ നിരീക്ഷണ ഉപകരണങ്ങൾ എന്നിവയെ തകർക്കാൻ പ്രാപ്‌തിയുള്ളതാണ്. 30kW ക്‌ളാസ് ലേസർ സംവിധാനത്തിന്റെ വൻതോതിലുള്ള ഉൽപാദനം ലക്ഷ്യമിട്ട് ഒരു ആഭ്യന്തര വ്യാപാര പങ്കാളിയെ ഡിആർഡിഒ തേടുന്നുണ്ടെന്നാണ് വിവരം. പലപ്പോഴും വിലകുറഞ്ഞ ഡ്രോൺ സംവിധാനങ്ങളാണ് ശത്രുരാജ്യങ്ങൾ അതിർത്തികടന്നുള്ള തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. ഇതിനെ പ്രതിരോധിക്കുന്ന ഉപകരണങ്ങൾക്കാകട്ടെ വലിയ വിലയുമാണ്. ഇത് ലോകമാകെ നേരിടുന്ന പ്രതിസന്ധിയാണ്. വിലയേറിയ ഇന്റർസെപ്‌റ്റർ മിസൈലുകളാണ് പ്രതിരോധത്തിന് ഉപയോഗിക്കുന്നത്. ഇത് ഇന്ത്യപോലെ എല്ലാ വലിയ രാജ്യങ്ങൾക്കും പ്രതിരോധ ചെലവേറാൻ ഇടയാക്കുന്നുമുണ്ട്. ഇതിനൊരു മികച്ച പ്രതിവിധിയാണ് 30kW ക്‌ളാസ് ലേസർ സംവിധാനം.
കേന്ദ്രീകൃത താപോർജം ഉപയോഗിച്ച് ശത്രുലക്ഷ്യ സ്ഥാനങ്ങളെ ഇല്ലായ്‌മ ചെയ്യുന്ന ഡയറക്‌ടഡ് എനർജി ആയുധമാണ് ഇന്ത്യ തയ്യാറാക്കുന്നത്. ലേസർ പ്രകാശം വഴി ഉടനടി പ്രതിരോധം സാദ്ധ്യമാകും. വൈദ്യുതോർജ സംവിധാനമായാണ് ഇത് പ്രവർത്തിക്കുന്നത്. പരമ്പരാഗത പ്രതിരോധ സംവിധാനമായ നിരന്തരമായ മിസൈൽ ലോഡിംഗ് ഇതിനുവേണ്ട. 2025 മേയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂർ നടന്നപ്പോഴാണ് ഇത്തരം ലേസറുപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രോൺ പ്രതിരോധ സംവിധാനത്തിന്റെ പ്രാധാന്യം മനസിലായത്. അന്ന് പാക് ഭാഗത്ത് നിന്നും ആയുധങ്ങളുമായെത്തിയത് വിലകുറഞ്ഞ ഡ്രോണുകളാണ്. ലേസർ സംവിധാനം ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ ഉപയോഗിക്കുമ്പോൾ വലിയ ഭീഷണികളെ നേരിടാൻ ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിക്കാം.
രണ്ട് കിലോമീറ്റർ പ്രതിരോധത്തിനുപയോഗിക്കാൻ ഇതിലും ശക്തികുറഞ്ഞ 10kW ലേസർ സംവിധാനവും ഇന്ത്യ വികസിപ്പിക്കുന്നുണ്ട്. ആദ്യഘട്ടത്തിലേക്കായി 10 മുതൽ 12 പ്രതിരോധ സംവിധാനത്തിന് ഓർഡർ നൽകിക്കഴിഞ്ഞു. ഈ ലേസർ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നത് പലതലങ്ങളിലായുള്ള ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമായ പ്രോജക്‌ട് സുദർശൻ ചക്രയുടെ ഭാഗമാണ്. മിസൈലുകൾ, തോക്കുകൾ, ഇലക്‌ട്രോണിക് യുദ്ധസംവിധാനങ്ങൾ, റഡാർ സംവിധാനങ്ങൾ എന്നിങ്ങനെ ആകാശത്തിലൂടെയുള്ള ഭീഷണികളെ നേരിടുന്നതിന്റെ ഭാഗമാണിത്.
അമേരിക്കയും ഇസ്രയേലും ചൈനയും റഷ്യയുമടക്കം ലോകശക്തികൾ ഇത്തരം പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നുണ്ട്. ലേസർ സംവിധാനം ഉപയോഗിച്ച് പ്രതിരോധത്തിന് സാധിക്കുന്ന ചുരുക്കം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും വൈകാതെ അംഗമാകും.