ന്യൂഡൽഹി: സിഎൻജി സ്റ്റേഷനിൽ ട്രക്കിൽ നിന്നും ഗ്യാസ് മാറ്റുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് ജീവനക്കാർ മരിച്ചു. ഡൽഹിയിലെ ടിക്കിരി കലാൻ മെട്രോ സ്റ്റേഷന് സമീപത്തെ സിഎൻജി സ്റ്റേഷനിലാണ് സംഭവമുണ്ടായത്. മരിച്ചവരിൽ ഒരാൾ ബാബ ഹരിദാസ് കോളനി നിവാസിയായ മനീഷ് (25) ആണെന്ന് തിരിച്ചറിഞ്ഞു. നിസാംപൂർ സ്വദേശികളായ ബ്രഹ്‌മ്‌ജിത്ത് (34), സണ്ണി (30) എന്നിവരാണ് മറ്റുരണ്ടുപേർ എന്ന് പിന്നീട് തിരിച്ചറിഞ്ഞു. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റതായി ഡൽഹി ഔട്ടർ ഡിസിപി അറിയിച്ചു. ഇവരുടെ നില ഗുരുതരമാണ്.
ഇന്ന് വൈകിട്ട് മൂന്നരയോടെ റീഫില്ലിംഗ് ട്രക്കിൽ നിന്ന് ഗ്യാസ് മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. സിഎൻജി നിറക്കുകയായിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകടകാരണമെന്നാണ് നിഗമനം. ശരിയായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തും. ഗ്യാസ് നിറച്ചുകൊണ്ടിരുന്നയാൾ മനീഷ് ആയിരുന്നു. ഇതിനിടെ അശ്രദ്ധ ഉണ്ടായതാണോ അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. സംഭവമുണ്ടായ ഉടൻ ഇയാൾ മരിച്ചു. മറ്റ് രണ്ടുപേരെയും പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉടൻ മരിച്ചു.
സംഭവമുണ്ടായ ഉടൻ രക്ഷാപ്രവർത്തനത്തിന് പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും വലിയ സംഘംതന്നെ സ്ഥലത്തെത്തി. സംഭവമുണ്ടായ സമയം പമ്പിന് സമീപം നിന്നിരുന്നവർക്കാണ് പരിക്കേറ്റത്. നിലവിൽ തീപിടിത്തം നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.