പത്തനംതിട്ട : മല്ലപ്പള്ളി മേഖലയിലെ പള്ളി സെമിത്തേരികളിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷണം നടത്തിയ സംഘം ഒടുവിൽ പിടിയിൽ. മല്ലപള്ളിയിൽ ഗ്രാനൈറ്റ് വില്പന നടത്തിവന്ന തമിഴ്‌നാട് സ്വദേശി ജലാൽ സുന്ദർ, പശ്ചിമ ബംഗാൾ സ്വദേശി സുർജിത്, മലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് കീഴ്‌വായ്പൂർ സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ജലാൽ സുന്ദറാണ് കടയുടമ. വിപണിയിൽ ഗ്രാനൈറ്റിന് ക്ഷാമം നേരിട്ടതോടെയാണ് ഇവർ പള്ളി സെമിത്തേരികളിൽ മോഷണത്തിനിറങ്ങിയത്. ഒരു പള്ളിയിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച് തൊട്ടടുത്ത പള്ളികളിലെ മരണാനന്തര ചടങ്ങുകൾക്കും മറ്റുമായി മറിച്ചുവിൽക്കുകയായിരുന്നു ഇവരുടെ രീതി. മല്ലപ്പള്ളി മേഖലയിലെ മൂന്ന് പള്ളികളിലാണ് ഇത്തരത്തിൽ മോഷണം നടന്നത്. ഒടുവിൽ മൂന്നാമത്തെ പള്ളിയിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
സെമിത്തേരികളിൽ നിന്ന് പതിവായി ഗ്രാനൈറ്റ് മോഷണം പോകുന്നു, പ്രതികൾ പിടിയിലായതോടെ സത്യം പുറത്ത്