ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാംതവണയും ഇടതുമുന്നണി അധികാരത്തില്‍ എത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് ഒഴുക്കിയത് കോടികള്‍. രണ്ടുതവണ ഭരണം പൂര്‍ത്തിയാക്കിയ ഇടതുമുന്നണിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ഒരു ജീവന്മരണ പോരാട്ടമാണ് നടത്തിയത്. ആദ്യമായി സംസ്ഥാനത്ത് മൂന്ന് സീറ്റുകള്‍ പിടിച്ച ബിജെപിയും ഭരണത്തില്‍ ഹാട്രിക് നേടാന്‍ ശ്രമിച്ച ഇടതുമുന്നണിയും പണം വാരിയെറിഞ്ഞതായാണ് കണക്കുകള്‍.
കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കാന്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 105 കോടി ചെലവാക്കിയെന്നാണ് കണക്കുകള്‍. കേരളത്തിനൊപ്പം മറ്റ് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടന്നെങ്കിലും അഞ്ചു സംസ്ഥാനങ്ങളിലുമായി നടന്ന തെരഞ്ഞെടുപ്പിനായി ചെലവഴിച്ച പണത്തിന്റെ 45 ശതമാനം തുകയും വിനിയോഗിച്ചത് കേരളത്തില്‍ മാത്രമായിരുന്നു.
അഞ്ച് തിരഞ്ഞെടുപ്പുകള്‍ക്കുമായി കോണ്‍ഗ്രസ് ആകെ ചെലവിട്ടത് 249 കോടി രൂപയാണ്. ബിജെപി കേരളത്തില്‍ 82.67 കോടി രൂപയും സിപിഐഎം 23 കോടി രൂപയും ചെലവിട്ടു. കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നെങ്കിലും മൂന്ന് മുന്നണികളും ശ്രദ്ധ കൊടുത്തത് കേരളത്തിലായിരുന്നു. തൃണമൂലില്‍ നിന്നും ഭരണം പിടിക്കാന്‍ ബംഗാളില്‍ ബിജെപി 286 കോടി രൂപ ചെലവിട്ടപ്പോള്‍ ഇവിടെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചെലവ് 42 കോടി രൂപ മാത്രമായിരുന്നു.
അതേസമയം ബിജെപി തങ്ങള്‍ ആകെ ചെലവഴിച്ച തുകയില്‍ പകുതിയിലേറെ തുകയും ചെലവിട്ടത് ബംഗാളിലാണ്. ബംഗാള്‍- 286 കോടി, അസം- 96.26 കോടി, കേരളം -82.67 കോടി, തമിഴ്‌നാട് -51.56 കോടി, പുതുച്ചേരി- 11.89 കോടി രൂപ എന്നിങ്ങനെയാണ് ബിജെപി അഞ്ച് സംസ്ഥാനങ്ങളില്‍ ചെലവിട്ട തുകയുടെ കണക്ക്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധികളുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിധിയില്ലാതെ പണം ചെലവഴിക്കാവുന്നതാണ്.