വളപട്ടണം–മേലെ ചൊവ്വ ഗതാഗതക്കുരുക്ക്: തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

കണ്ണൂർ: വളപട്ടണം പാലത്തിലെ അറ്റകുറ്റപ്പണികളും മേലെ ചൊവ്വ മേൽപ്പാലം നിർമാണവും ഒരേസമയം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്.

പഴയങ്ങാടി റോഡിൽ ചെറുകുന്ന് മുതൽ എടക്കാട് വരെയും തളിപ്പറമ്പ് റോഡിൽ ധർമ്മശാല മുതൽ എടക്കാട് വരെയുമാണ് നിയന്ത്രണം. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 7 വരെയുമാണ് നിയന്ത്രണം.

10 ടയറോ അതിൽ കൂടുതലോ ഉള്ള ഹെവി ചരക്കുവാഹനങ്ങൾ, മൾട്ടി ആക്സിൽ ട്രക്കുകൾ, ട്രെയിലറുകൾ, സെമി ട്രെയിലറുകൾ എന്നിവയ്ക്ക് ഈ സമയങ്ങളിൽ പൂർണ വിലക്കാണ്. നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ നിയന്ത്രണം തുടരും.

നിയന്ത്രണ സമയങ്ങളിൽ ചരക്കുവാഹനങ്ങൾ സുരക്ഷിതമായി നിർത്തിയിടുന്നതിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കാൻ കണ്ണപുരം, തളിപ്പറമ്പ്, എടക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കളക്ടർ നിർദേശം നൽകി. ഗതാഗത തടസ്സം ഒഴിവാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും പോലീസ്, ദേശീയപാത അതോറിറ്റി, നിർമാണ ഏജൻസി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *